You are Here : Home / USA News

'ഓടി മറയുന്ന ഓര്‍മ്മകള്‍ തച്ചനാലില്‍ കഥകള്‍' പ്രകാശനം ചെയ്തു

Text Size  

Story Dated: Wednesday, July 27, 2016 11:45 hrs UTC

ഹൂസ്റ്റണ്‍ : കഥാകൃത്തും ഹൂസ്റ്റണിലെ സാഹിത്യ സദസുകളിലെ സജീവ സാന്നിദ്ധ്യവുമായ ഷിജു ജോര്‍ജ്ജ് തച്ചനാലിന്റെ ആദ്യ കഥാസമാഹാരമായ 'ഓടി മറയുന്ന ഓര്‍മ്മകള്‍ തച്ചനാലില്‍ കഥകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. ജൂലൈ 10ന് ഞായറാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആരാധനയ്ക്കു ശേഷം കൂടിയ പ്രത്യേക സമ്മേളനത്തില്‍ വച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.മാത്യൂസ് ഫിലിപ്പും അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പും ചേര്‍ന്ന് പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ബേബിക്കുട്ടി പുല്ലാടിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. മലയാള മനോരമ അസോസിയേറ്റ് എഡിറ്ററും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ജോസ് പനച്ചിപ്പുറമാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ഈ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 15 കഥകള്‍ മുഴുവന്‍ ചിന്തോദീപകവും മനസിനെ ആഴത്തില്‍ സ്പര്‍ശിയ്ക്കുന്നതുമാണ്. റയില്‍ പാളം, ഓടി മറയുന്ന ഓര്‍മ്മകള്‍, റിസപ്ഷന്‍, മഴത്തുള്ളികള്‍, തോക്കുകൂലി, കാര്‍ഗിയിലെ മുത്തശ്ശി തുടങ്ങിയ കഥകള്‍ പുസ്തകത്തെ ഈടുറ്റതും വേറിട്ടതുമാക്കുന്നു. ഈ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ലേഖകന്റെ ഓര്‍മ്മകളില്‍ താങ്ങിനില്‍ക്കുന്ന വ്യക്തികളെയും സംഭവങ്ങളെയും സ്പര്‍ശിയ്ക്കുന്നത് വായനക്കാരന് മനസിലാക്കാം. കഥാകാരന്റെ മനസിലുള്ള യുദ്ധഭൂമിയും, യുദ്ധഭൂമിയില്‍ പോരാടുന്ന സൈനികരും, ധീരയോദ്ധാക്കളും, രാജ്യസ്‌നേഹവും കഥകളിലൂടെ ദര്‍ശിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.