You are Here : Home / USA News

വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 28, 2016 10:19 hrs UTC

ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു മോര്‍ട്ടന്‍ഗ്രോവില്‍ തോമസ് ജോര്‍ജിന്റെ (റോയി) ഭവനാങ്കണത്തില്‍ ചേര്‍ന്ന ഷിക്കാഗോ മലയാളി കമ്യൂണിറ്റിയുടെ സൗഹൃദ കൂട്ടായ്മ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നല്‍കി. ഓവര്‍സീസ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ തോമസ് ജോര്‍ജ് സ്വാഗതവും, ഫോമാ മുന്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സ്‌കോക്കി കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണര്‍ ബിജു കൃഷ്ണന്‍, ഫോമ റീജണല്‍ കോര്‍ഡിനേറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു, പ്രൊഫ. കെ.എം. സാധു, പീറ്റര്‍ കുളങ്ങര, ലൂയി ചിക്കാഗോ, മാത്യു ഡാനിയേല്‍, തോമസ് ജോര്‍ജ്, രാജന്‍ മാലിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

 

പത്തുവര്‍ഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന വിക്ടര്‍ തോമസ്, കേരളത്തിലെ മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവാണ്. ആയതിനാല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ചിക്കാഗോ മലയാളി കമ്യൂണിറ്റി അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു. കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, സെന്റ് തോമസ് ഹൈസ്കൂള്‍ എന്നിവയുടെ അലുംമ്‌നി പ്രസിഡന്റ്, തിരുവല്ല മാര്‍ത്തോമാ അക്കാഡമി ചെയര്‍മാന്‍, വിവിധ കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോഴഞ്ചേരി അഗ്രി ഹോര്‍ട്ടികള്‍ച്ചറലിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പുഷ്പ ഫല സസ്യ പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റാണ്. തന്റെ മറുപടി പ്രസംഗത്തില്‍, വിദേശ മലയാളികള്‍ കേരളത്തിന്റെ അഭിമാനമാണെന്നും, ജന്മനാടിനോടുള്ള സ്‌നേഹത്തിനും, കരുതലിനും അത്യന്തം കടപ്പെട്ടിരിക്കുന്നുവെന്നും, വിദേശ തൊഴില്‍ സ്ഥലങ്ങളിലും, ജീവിക്കുന്ന സമൂഹങ്ങളിലും സ്തുത്യര്‍ഹമായ സേവനം ചെയ്ത് മറ്റുള്ളവരുടെ പ്രശംസാപാത്രമാകുവാന്‍ കഴിയുന്നതില്‍ അത്യന്തം അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

 

 

നമ്മുടെ നാടിന്റെ മൂല്യങ്ങളും, പൈതൃകവും കുറഞ്ഞുപോകുമ്പോഴും, വര്‍ദ്ധിച്ച താത്പര്യത്തോടെ കലകളോടും, ഉത്സവങ്ങളോടും വിവിധങ്ങളായ ആഘോഷങ്ങളോടുംകൂടി ഈ നാടിന്റെ മുഖ്യധാരയില്‍ പങ്കെടുക്കുന്നതിലും മറ്റ് ജനക്ഷേമകരമായ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനും അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ മാലിന്യനിര്‍മ്മാര്‍ജന പ്രക്രിയയില്‍ അടിയന്തര പ്രധാന്യത്തോടെ അമേരിക്കന്‍ മലയാളികളുടെ മികച്ച സാങ്കേതിക അറിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി, പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്‌കോക്കി വില്ലേജ് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസണുമായി കൂടിക്കാഴ്ചയും ചര്‍ച്ചകളും തോമസ് ജോര്‍ജിന്റേയും, ബിജു കൃഷ്ണന്റേയും സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് നൈല്‍സ് വെസ്റ്റ് ഹൈസ്കൂള്‍, പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനം നേരില്‍ കണ്ട് വിലയിരുത്തി.

 

 

അനേക വര്‍ഷങ്ങള്‍ക്കുശേഷം വിക്ടര്‍ ജോര്‍ജുമായി ഒത്തുകൂടിയ സഹപാഠികള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിവരുടെ സൗഹൃദ കൂട്ടായ്മ വളരെ ഹൃദ്യവും ഊഷ്മളവുമായ സന്ധ്യ ഒരുക്കിയതിലെ മുഖ്യ സംഘാടകനായ തോമസ് ജോര്‍ജിനെ (റോയി) ചടങ്ങില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം പ്രശംസിച്ചു. അറുപതോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ജോര്‍ജ് മാത്യു (ബാബു) നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.