You are Here : Home / USA News

ഭക്തിപ്രഭയിൽ സെന്റ് അഫോൻസാ ദേവാലയം: പ്രധാന തിരുനാള്‍ ഞായറാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, July 29, 2016 11:11 hrs UTC

കൊപ്പേൽ : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ ടെക്‌സാസിലെ കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയം തിരുനാൾ നിറവിൽ ഭക്തിപ്രഭയിൽ. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തിൽ സ്‌ഥാപിതമായ ഈ ദേവാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച തിരുനാളിനു കൊടിയേറിയതു മുതൽ ഭക്തജന പ്രവാഹമാണ്. സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയ ഭാരതത്തിന്‍റെ പ്രഥമവിശുദ്ധയുടെ സന്നിധിയിൽ പ്രാര്‍ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുവാനും, നൊവേനയർപ്പിച്ചു വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിനും ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ഭക്തരാണ് ദേവാലയത്തിൽ എത്തിച്ചേരുന്നത്. തിരുനാൾ ആരംഭിച്ചതുമുതൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം വരെ ആരാധനയും, തുടർന്ന് വൈകുന്നേരം വി. കുർബാന നൊവേന, ലദീഞ്ഞ് , നേർച്ചവിതരണം എന്നിവയുമാണ് നടന്നു വരുന്നത്. നാളെ (29 വെള്ളി) രാവിലെ ഒന്‍പതു മുതല്‍ ദേവാലയത്തിൽ ദിവ്യകാരുണ്യആരാധന.

 

തുടർന്നു വൈകുന്നേരം 6.30നു നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കല്‍ എംഎസ്എഫ്എസ് , വികാരി ഫാ. ജോൺസ്റ്റി തച്ചാറ തുടങ്ങിയവർ കാര്‍മികത്വം വഹിക്കും. ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന പ്രത്യേക കലാപരിപാടിയായ 'ബട്ടര്‍ഫ്ളൈസ്' സെന്‍റ് തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. 30നു (ശനി) വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും ഫാ. ജോഷി ചിറക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. കലാപരിപാടികളുടെ ഭാഗമായി തുടർന്നു രാത്രി എട്ടിന് മയാമി ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

 

പ്രധാന തിരുനാൾ ദിനമായ 31നു (ഞായര്‍) വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. വചനസന്ദേശം ഫാ. തോമസ് കടുകപ്പിള്ളില്‍ നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളും നേതൃത്വം നല്‍കി വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.