You are Here : Home / USA News

ജോസഫ് ചാക്കോയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിയ്ക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, July 30, 2016 10:31 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കയില്‍ മലയാളി സാന്നിദ്ധ്യം വിരളമായിരുന്ന 1970 ല്‍ കല്‍ക്കട്ട എയര്‍ഫ്രാന്‍സ് എയര്‍ലൈന്‍സില്‍ ചേര്‍ന്നകാലം മുതല്‍ കഴിഞ്ഞ 46 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളിയുടെ സുഹൃത്തും വഴികാട്ടിയുമായിരിയ്ക്കുന്ന ട്രാവിസാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി.ഇ.ഒ. ജോസഫ് ചാക്കോയെ ഓവര്‍സീസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹൂസ്റ്റണ്‍(ഒകെസിസി) ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിയ്ക്കുന്നു. ഹൂസ്റ്റണിലെ 130ല്‍ പരം മലയാളി ബിസിനസ് സംരഭകരുടെ ഐക്യവേദിയായ ഒകെസിസി ആഗസ്റ്റ് 12ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫോഡിലുള്ള ഗസല്‍ ഇന്ത്യാ റെസ്‌റ്റോറന്റിലാണ് സ്വീകരണം ഒരുക്കിയിരിയ്ക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയിലെ ആശുപത്രികളില്‍ നഴ്‌സ്മാരുടെ ക്ഷാമം കൊണ്ട് GNM(ജനറല്‍ നഴ്‌സിംഗ്) സര്‍ട്ടിഫിക്കറ്റുള്ള ഏതൊരു നഴ്‌സിനും ഉടനടി ഗ്രീന്‍കാര്‍ഡും വിസയും നല്‍കുന്നുണ്ടെന്ന വിവരം മനസിലാക്കിയ ജോസഫ് ചാക്കോ, അത് മുതലാക്കി കല്‍ക്കട്ട മുതല്‍ റാഞ്ചി, പാറ്റ്‌നാ, ബൊക്കാറൊ, റൂര്‍ക്കല, ആസാം, പേള്‍ട്ട്ബഌയര്‍ ആന്‍ഡമാന്‍സ് വരെയുള്ള എല്ലാ മലയാളി നഴ്‌സുമാരെയും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു അമേരിക്കയിലെത്തിച്ചു തുടങ്ങിയ യത്‌നം പത്തുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ 1980 ല്‍ എയര്‍ഫ്രാന്‍സ് മദ്രാസിലേക്ക് സ്ഥലം മാറ്റിയപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു. ആ സമയം അമേരിക്കയില്‍ എയ്ഡ്‌സിന്റെ(AIDS) അനന്തര ഫലമായുണ്ടായ നഴ്‌സ് കൊഴിഞ്ഞുപോക്കലിനെ തുടര്‍ന്നുണ്ടായ അവസരം മുതലാക്കി. അപ്പോഴെക്കും കേരളത്തിലും കര്‍ണ്ണാടകയിലും കൂണുപോലെ മുളച്ചു വളര്‍ന്ന് നഴ്‌സിംഗ് സ്‌ക്കൂളുകളുടെ പിന്‍ബലത്തോടെ നൂറുകണക്കിന് നഴ്‌സുമാരെ അമേരിയ്ക്കയിലേക്ക് വിടുന്നതിന് മദ്രാസില്‍ ഈ രംഗത്തുണ്ടായിരുന്ന ഏകമലയാളി എന്ന നിലയിലും സൗജന്യസേവനം നല്‍കിയ വ്യക്തി എന്ന നിലയിലും ജോസഫ് ചാക്കോയ്ക്ക് സാധിച്ചു.(എയര്‍ഫ്രാന്‍സ് വഴി ടിക്കറ്റ് വാങ്ങണമെന്ന ഒറ്റ നിബന്ധനയില്‍). 1989ല്‍ എയര്‍ഫ്രാന്‍സ് വിട്ട് സ്വന്തനിലയില്‍ 'അമേരിക്കന്‍ പാസേജസ്' എന്ന പേരില്‍ മദ്രാസിലെ വീട്ടില്‍ നിന്നും തുടങ്ങിയ പ്രവര്‍ത്തനം ഒറ്റയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ട്രാവിസാ(TRAVISA) എന്ന് പേരുള്ള ആദ്യത്തെ ഓഫീസ് കോട്ടയത്ത് 1992 ല്‍ ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. പിന്നീട് ചെന്നൈയിലും പത്തനംതിട്ടയിലും തിരുവല്ലയിലും കൊച്ചിയിലും, തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ സ്വന്തം നാടായ കോട്ടയം അഞ്ചേരിയിലുമായി 7 ഓഫീസുകളായി ട്രാവിസാ വളര്‍ന്നു പന്തലിച്ചിരിയ്ക്കുന്നു. ഒന്നരലക്ഷം അമേരിക്കന്‍ വിസാകള്‍ ക്രമീകരിച്ചപ്പോള്‍ 2014 ലെ 'നെഹ്രു അവാര്‍ഡ്' (ട്രാവല്‍, ടൂറിസം രംഗത്തെ മികവിനും കഴിവിനും) അദ്ദേഹത്തെ തേടിയെത്തി. ഇപ്പോഴും പ്രതിവര്‍ഷം ശരാശരി 3000ത്തോളം വിസിറ്റിംഗ് വിസകളും 2000ത്തിലധികം ഇമ്മിഗ്രന്റ് വിസകളും 500ലധികം മറ്റുവിസകളും യുഎസ് പാസ്‌പോര്‍ട്ട്, ഗ്രീന്‍കാര്‍ഡ്, ഒസിഐ(OCI) കാര്‍ഡ് മുതലായവയില്‍ ആയിരത്തിവധികം അമേരിക്കന്‍ മലയാളികളെ സേവിയ്ക്കുന്നതിന് കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ജോസഫ് ചാക്കോ പറഞ്ഞു. 1973 മുതല്‍ ന്യൂയോര്‍ക്കില്‍ ആദ്യമെത്തുമ്പോള്‍ ആകെയുണ്ടായിരുന്ന 8 മാര്‍ത്തോമ്മാക്കാരുടെ പ്രാര്‍ത്ഥായോഗം മുതല്‍ അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ വളര്‍ച്ച കണ്ട ഇദ്ദേഹം ആണ് മാര്‍ത്തോമ്മാ സഭയുടെ ഇന്നുവരെയും അമേരിക്കയില്‍ വന്നിട്ടുള്ള വൈദികരുടെ വിസാക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. 46-മത് പ്രാവശ്യം ഇപ്പോള്‍ അമേരിക്കയില്‍ വന്നിരിയ്ക്കുന്ന ഇദ്ദേഹത്തിന്റെ നിഗമനത്തില്‍ അമേരിക്കയില്‍ ഇന്നുള്ള മലയാളികളില്‍ നല്ലൊരു പങ്കും അദ്ദേഹത്തിന്റെ സേവനം എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടെന്നാണ്. ഓ.കെ.സി.സി.പ്രസിഡന്റ് ലിഡാ തോമസ് അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ സ്റ്റാഫോഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു അവാര്‍ഡുദാനം നിര്‍വഹിയ്ക്കും. സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യസാംസ്‌ക്കാരിക നേതാക്കളും മാധ്യമപ്രവര്‍ത്തകരും ആശംസകള്‍ അറിയിക്കുന്നതും ജോസഫ് ചാക്കോ തന്റെ പ്രവര്‍ത്തനമികവിന്റെ ചെപ്പ് തുറക്കുന്നതുമായിരിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്ഈശോ ജേക്കബ് - 832-771 7646അലക്‌സാണ്ടര്‍ തോമസ്- 713-408-7200

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.