You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ പ്രീകാനാ കോഴ്‌സ് ആഗസ്റ്റ് 12 മുതല്‍ 14 വരെ

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, August 08, 2016 03:53 hrs UTC

ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ് കോഴ്‌സ്) ക്രമീകരിക്കുന്നു. 2016 ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ 14 ഞായറാഴ്ച്ച വൈകുന്നേരംവരെ മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്ജ് കാത്തലിക് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി (3501 Solly Ave, Philadelphia, PA 19136) ധ്യാനകേന്ദ്രത്തിലായിരിക്കും മൂന്നുദിവസം താമസിച്ചുള്ള വിവാഹ ഒരുക്ക സെമിനാര്‍ നടത്തപ്പെടുന്നത്.

 

ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകുന്നേരം നാലരക്ക് രജിസ്‌ട്രേഷനോടെ പ്രീമാര്യേജ് കോഴ്‌സ് ആരംഭിക്കും. 13 -നു ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച് വൈകിട്ട് ഒമ്പതര മണിവരെ തുടരും. മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാതഭക്ഷണത്തെ തുടര്‍ന്ന് സമാരംഭിക്കുന്ന ക്ലാസുകള്‍ വൈകിട്ട് അഞ്ചുമണിയോടെ സമാപിക്കും. ഉദ്യോഗസ്ഥരായ യുവതീയുവാക്കള്‍ക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഈ ക്രമീകരണംകൊണ്ട് സാധിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക് വിവാഹജീവിതവിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രദമായും, ദൈവികപരിപാലന യോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്‌സില്‍ ചര്‍ച്ച ചെയ്യപ്പെടും.

 

 

ചര്‍ച്ചാക്ലാസുകള്‍, വിഷയാനുയോജ്യമായ വീഡിയോ ഉപയോഗിച്ചുള്ള പഠനം, വിശുദ്ധ കുര്‍ബാന, ആരാധന, കൗണ്‍സലിംഗ് എന്നിവയാണ് മൂന്നുദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തരും, പ്രഗല്‍രുമായ വ്യക്തികളാണ് ക്ലാസുകള്‍ നയിക്കുന്നത്. വൈദികരും, സന്യസ്തരും, മെഡിക്കല്‍ രംഗത്തുള്ളവരും, കൗണ്‍സലിംഗ് വിദഗ്ധരും, അല്മായ പ്രമുഖരും അക്കൂട്ടത്തിലുണ്ടാവും. പെന്‍സില്‍വേനിയാ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഡെലവെയര്‍, മെറിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഡ്രൈവു ചെയ്തു വന്ന് കോഴ്‌സില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനു മുന്‍പ് ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.

 

താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറം പൂരിപ്പിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ പാരീഷ് ഓഫീസില്‍ ഏല്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഇ മെയിലായോ ഫാക്‌സ് വഴിയോ അയക്കാവുന്നതാണ്. ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി കോഴ്‌സിനു മേല്‍നോട്ടം വഹിക്കും. ഫിലാഡല്‍ഫിയ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവര്‍ കോഴ്‌സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ജോസ് ജോസഫാണ് കോഴ്‌സ് കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Johnykutty Puleessery – Phone: 916-803-5307 E mail: frjohnyg@gmail.com St. Thomas Syro Malabar Forane Catholic Church 608 Welsh Road, Phila PA 19115 Office: Tel: 215-464-4008; Fax: 215-464-4055 www.syromalabarphila.org Office Secretary & Registrar: Tom Pattaniyil – 267-456-7850

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.