You are Here : Home / USA News

നായര്‍ സംഗമത്തിന് വിദ്യാധിരാജ നഗറില്‍ കൊടി ഉയരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 10, 2016 04:46 hrs UTC

സതീശന്‍ നായര്‍

ഷിക്കാഗോ: മൂന്നാമത് ദേശീയ നായര്‍ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറില്‍ (ക്രൗണ്‍ പ്ലാസ ഹൂസ്റ്റണ്‍) ഓഗസ്റ്റ് 12-നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി പങ്കെടുക്കുന്നതാണ്. കൂടാതെ മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്ക് എന്നിവരും പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം തന്നെ രഞ്ജിനി മേനോനും രോഷ്‌നി പിള്ളയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കലാകാരന്മാരുടേയും കലാകാരികളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഈ നായര്‍ മഹാസമ്മേളനത്തിനു കൊഴുപ്പേകും.

 

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും നടത്തുന്നതാണ്. ഡാന്‍സ് ഇനങ്ങളില്‍ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, മ്യൂസിക് ഇനങ്ങളില്‍ കര്‍ണ്ണാടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, നാടന്‍പാട്ട്, കൂടാതെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിനിധികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. സംഗമത്തോടനുബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും ആത്മീയ സെമിനാര്‍,ബിസിനസ് സെമിനാര്‍, കുട്ടികള്‍ക്കുള്ള സെമിനാര്‍ എന്നിവയാണ്. മൂന്നുദിവസത്തെ ഈ സംഗമം എന്തുകൊണ്ടും ഇതില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ലെന്നു സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സംഗമത്തിന്റെ രജിസ്‌ട്രേഷന് എല്ലാ മേഖലകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ട്രഷര്‍ പൊന്നുപിള്ള അറിയിച്ചു.

 

നായര്‍ കുടുംബാംഗങ്ങളുടെ കൂട്ടായ്മ വിളിച്ചോതുന്ന ഈ നായര്‍ മഹാസംഗമം വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാ നായര്‍ കുടുംബാംഗങ്ങളുടയും സാന്നിധ്യം വിദ്യാധിരാജ നഗറില്‍ ഉണ്ടാകണമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാര്‍ അഭ്യര്‍ത്ഥിച്ചു. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി യൂത്ത് ചെയര്‍ രേവതി നായര്‍ അറിയിച്ചു. ഡോ. ചിത്ര ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വര്‍ണ്ണശബളമായ സുവനീറില്‍ ലേഖനങ്ങള്‍ നല്‍കിയും, പരസ്യങ്ങള്‍ നല്‍കിയും സഹായിച്ച ഏവരോടും സുവനീര്‍ ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ നന്ദി അറിയിച്ചു. നായര്‍ സംഗമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ www.nssona.org സന്ദര്‍ശിക്കുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.