ഷിക്കാഗോ: സാധാരണയായി നോര്‍ത്ത് അമേരിക്കയില്‍ മിക്ക മലയാളി വീടുകളോടും ചേര്‍ന്നു വേനല്‍ക്കാലത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഗൗരവത്തില്‍ കൃഷിയെ പരിപാലിക്കുന്നതിലും, കൃഷി ചെയ്യുന്നതിലും ചുരുക്കം ആളുകള്‍ മാത്രമേ പ്രധാന്യം നല്‍കാറുള്ളൂ. അത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് ഷിക്കാഗോ അഡിസണില് താമസിക്കുന്ന തോമസ മാത്യു (രാജന്). പ്രായം 78 ആയെങ്കിലും ഈ വേനലിലും ചെയ്ത കൃഷിയില്‍ നിന്നും ലഭിച്ച സമൃദ്ധമായ വിളവിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. എഴുപതുകളില്‍ അമേരിക്കയിലെത്തിയ രാജന് കഴിഞ്ഞ 28 വര്‍ഷമായി വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന വ്യക്തിയാണ്. ഇലന്തൂര്‍ സ്വദേശിയായ അദ്ദേഹം ജനിച്ചത് ഒരു കാര്‍ഷിക കുടുംബത്തിലായിരുന്നു. ചെറുപ്പംമുതല്‍ മാതാപിതാക്കളെ കാര്‍ഷികവൃത്തിയില്‍ സഹായിക്കുമായിരുന്ന രാജന് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ജോലി സംബന്ധമായി സെക്കന്തരാബാദില്‍ പോകുകയും തുടര്‍ന്ന് അമേരിക്കയില്‍ എത്തിച്ചേരുകയും ചെയ്തു.
അമേരിക്കയില്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലും ചെറിയ രീതിയില്‍ കൃഷി ചെയ്തിരുന്ന അദ്ദേഹം പിന്നീട് താമസമാക്കിയ വീടിനോടു ചേര്‍ന്നു വിപുലമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. പയര്‍, പാവല്‍, വെണ്ട, പടവലം, മുരിങ്ങ, വെള്ളരിക്ക, വിവിധതരം മുളക്, തക്കാളി, ചീര, കറിവേപ്പ് തുടങ്ങി ചേമ്പ് വരെ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളവ് നല്കുന്നു. കാലത്തും വൈകിട്ടും തന്റെ കൃഷിയിടത്തില്‍ കൃഷിക്കായി സമയം ചെലവഴിക്കുന്ന അദ്ദേഹം, കൃഷിത്തോട്ടത്തില്‍ നിന്നും ലഭിക്കുന്ന വിളവുകള്‍ കൂടുതലും സുഹൃത്തുക്കള്‍ക്കും, അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നവര്‍ക്കും, പള്ളിയിലും മറ്റും കൊടുക്കുന്നു. സ്വന്തമായി കൃഷി ചെയ്യുന്നതു കൂടാതെ മറ്റുള്ളവരെ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും, കൃഷിയുടെ കാര്യത്തില്‍ രാജന് അനേകര്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ജൈവ വളങ്ങള്‍ മാത്രമേ അദ്ദേഹം കൃഷിക്കായി ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയും രാജന്റെ കൃഷിക്കുണ്ട്. ഔദ്യോഗിക ജോലിയില്‍ നിന്നും വളരെ നാളുകള്‍ക്കു മുമ്പ് വിരമിച്ച രാജന്റെ കൃഷിയോടുള്ള താത്പര്യം റിട്ടയര്‍മെന്റ് ജീവിതത്തിന്റെ വിരസതയകറ്റി കര്മ്മനിരതനാകുവാനും, ഊര്ജസ്വലനാകുവാനും അദ്ദേഹത്തെ സഹായിക്കുന്നു. മൂന്നു മക്കളുടെ പിതാവായ അദ്ദേഹത്തെ കൃഷിയില്‍ സഹായിക്കുവാനായി പത്നി മറിയാമ്മ മാത്യു സദാ കൂടെയുണ്ട്. ഇതിനോടകം അനേകം പേര് അദ്ദേഹത്തിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയുണ്ടായി. രാജന് താമസിക്കുന്ന സിറ്റിയുടെ വൈസ് പ്രസിഡന്റ് കൃഷിയിടം സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു. പൂര്‍ണ്ണ സമയവും ഈ പ്രായത്തിലും കര്‍മ്മനിരതനായ തോമസ് മാത്യുവിന് എല്ലാവിധ ആശംസകളും നേരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു (രാജന്) 630 520 4750. ബെന്നി പരിമണം അറിയിച്ചതാണിത്.
Comments