You are Here : Home / USA News

ഭക്തിയുടെ നിര്‍വൃതിയില്‍ ഗീതാ മണ്ഡലത്തില്‍ ശിവലിംഗ സ്ഥാപനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 02, 2016 10:13 hrs UTC

ചിക്കാഗോ. ഗീതാമണ്ഡലം കുടുംബ ക്ഷേത്രത്തില്‍ ആര്യ­ ദ്രാവിഡ വേദമന്ത്ര ധ്വനികളാല്‍ ശിവലിംഗ പ്രതിഷ്ഠ നടത്തി. മംഗളസ്വരൂപിയായ മഹാദേവ ലിംഗ പ്രതിഷ്ഠ 1192 ചിങ്ങം 11 (August 27th Saturday 2016) നു ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര നാളില്‍ അഭിജിത്ത് മുഹുര്‍ത്തതില്‍, ചിക്കാഗോ ഹിന്ദു സമൂഹത്തിന് സമര്‍പ്പിച്ചു. 1192 ചിങ്ങം 11 നു സൂര്യോദയത്തില്‍ ഗണപതി പൂജ നടത്തിയ ശേഷം മുഖ്യ പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികളുടെയും ശ്രീ രാജ ഹരിഹര അയ്യരുടെയും നേതൃത്വത്തില്‍ ലിംഗ പരിഗ്രഹവും തുടര്‍ന്ന് വാദ്യഘോഷ അകമ്പടിയോടെ ജലാധിവാസവും, ധാന്യാദിവാസവും, ഫലാദിവാസവും നടത്തുവാനുള്ള പ്രതേക മണ്ഡപത്തില്‍ എത്തിച്ചു. തുടര്‍ന്ന് ജലാധിവാസത്തിനു മുന്നോടിയായി മുഖ്യ പുരോഹിതന്‍, തീര്‍ത്ഥത്തില്‍പുണ്യാഹം തളിച്ച് ശോഷണാദി ചെയ്ത്,

 

"ആയതു വരുണാശ്ശീഘ്രം പ്രാണിനാം പ്രാണരക്ഷക: അതുല്യ ബലവാനത്ര സര്‍വ്വദുഷ്ട പ്രശാന്തയേ' എന്ന ശ്ലോകവും ഓം വം വരുണായ നമഃ എന്ന മൂലമന്ത്രവും നൂറ്റെട്ട് തവണ ജപിച്ച് അര്‍ഘ്യപുഷ്പാഞ്ജലി സമര്‍പ്പിച്ച്, ലിംഗത്തെ തേജോമയി ആയി സങ്കല്‍പ്പിച്ച് ജലത്തില്താനഴ്ത്തി കിടത്തി. തുടര്‍ന്ന് ശ്രീ രുദ്രമന്ത്രാഭിഷേക ശേഷം ജലത്തില്‍ നിന്ന് ശിവലിംഗവും നന്ദികേശ്വേര വിഗ്രഹവും പുറത്തെടുത്ത് പ്രതേക പൂജകള്‍ക്ക് ശേഷം ധാന്യാധിവാസവും ഫലാധിവാസവും നടത്തി. അതിനുശേഷം വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രഥത്തില്‍ ശിവ പെരുമാളിന്റെയും നന്ദിദേവന്റെയും വിഗ്രഹത്തെ ഗീതാ മണ്ഡലം തറവാട്ടിലേ പൂജാ തട്ടില്‍ ഇരുത്തി മാണിക്യ വാസരുടെ ദ്രാവിഡ വേദമായ തിരുവാസക മന്ത്രവും ശ്രീരുദ്രവും ഉരുവിട്ട് സമസ്ത പാപ പരിഹാര പൂജകളും ആവാഹന പൂജകളും നവകാഭിഷേകവും സഹസ്രനാമ അര്‍ച്ചനകളും നടത്തി. തുടര്‍ന്ന്, ദേവശില്പിയും അമേരിക്കയിലെ തച്ചു ശാസ്ത്രത്തിന്റെ അവസാനവാക്കുമായ നാരായണന്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച ശ്രീകോവിലില്‍ വാസ്തുപൂജയും മഹാദേവ പൂജയും കഴിച്ചതിനുശേഷം, നമഃശിവായ പഞ്ചാക്ഷരിയാല്‍ മുഖരിതമായ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ പുണ്യ മുഹൂര്‍ത്തത്തില്‍, ശിവ ലിംഗ­നന്ദികേശ്വേര വിഗ്രഹ സ്ഥാപനവും നടത്തി. തുടര്‍ന്ന് വിശേഷാല്‍ മൃത്യുഞ്ജയ പൂജയും കൂവള ഇലകളാല് അര്‍ച്ചനയും നടത്തി. അതിരാവിലെ മുതല്‍ പൂജകള്‍ അവസാനിക്കുന്നവരെ ഗീതാമണ്ഡലം ക്ഷേത്രമെങ്ങും നമഃശിവായ മന്ത്ര ധ്വനികള്‍ അലയടിച്ചു മുഴങ്ങിക്കൊണ്ടിരുന്നു. വൈക്കത്തപ്പന്റെ ശ്രീകോവിലിന്റെ ചുമരുകളെ ഓര്‍മ്മിപ്പിക്കുമാറ്, മഹാദേവന്റെ ശ്രീ കോവിലിനു ചുറ്റും ആലേഖനം ചെയ്ത ചിക്കാഗോയിലെ കൊച്ചുകലാകാരി രേവതി വരച്ച പാര്‍വ്വതി പരമേശ്വേരന്മാരുടെ മ്യൂറല്‍പെയിന്റിംഗ് എല്ലാവരുടെയും മനം കവര്‍ന്നു. പൂജകള്‍ക്ക് ശേഷം രശ്മി മേനോന്റെ നേതൃത്വത്തില്‍ ഗീതാമണ്ഡലം ഭജന ഗ്രൂപ്പിന്റെ പ്രത്യക ശിവഭജനയും നടന്നു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഗീതാമണ്ഡലം അദ്ധ്യക്ഷന്‍ ജയ് ചന്ദ്രന്‍, ഈ ശിവ ക്ഷേത്രം ചിക്കാഗോ ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിക്കുന്നതായി അറിയിക്കുകയും വൈക്കം ശ്രീകോവിലിന്റെ മാതൃകയില്‍ അതിമനോഹരമായി ശ്രീകോവില്‍ രൂപ കല്പന ചെയ്ത നാരായണന്‍ കുട്ടപ്പനെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ കേരളത്തില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത ശിവ ലിംഗ­ നന്ദികേശ്വേര വിഗ്രഹം ഗീതാമണ്ഡലം ശിവക്ഷേത്രത്തിന് സമര്‍പ്പിച്ച നാരായണന്‍ജിയുടെ കുടുംബത്തിനോടും, രവികുട്ടപ്പന്റെ കുടുംബത്തിനോടും, ജാനകി കൃഷ്ണന്റെ കുടുംബത്തിനോടും, കമലാക്ഷി കൃഷ്ണന്റെ കുടുംബത്തിനോടുമുള്ള ഗീതാമണ്ഡലത്തിന്റെ തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിച്ചു. അതുപോലെ ശ്രീകോവില്‍ല്‍ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയ എല്ലാവരോടും, വിശേഷ്യ ഡോക്ടര്‍ ഷിവി ജെയിനിനോടുമുള്ള ഗീതാ മണ്ഡലത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. അതിനുശേഷം സെക്രട്ടറി ബൈജു മേനോന്‍, ശ്രീകോവില്‍ അതിമനോഹരമാക്കുവാന്‍ നാരായന്‍ജിയെ സഹായിച്ച രവി കുട്ടപ്പനും കുമാരി രേവതിക്കും നന്ദി പ്രകാശിപ്പിച്ചു. അതുപോലെ വൈക്കത്തപ്പന്റെ ശ്രീകോവില്‍ എന്ന ആശയം കൊണ്ടുവരുകയും അത് പ്രാവര്‍ത്തികമാക്കാന്‍ അഹോരാത്രം യത്‌നിച്ച ശേഖരന്‍ അപ്പുക്കുട്ടനെ ഗീതാമണ്ഡലത്തിന്റെ പേരിലും ചിക്കാഗോ ശൈവഭക്തരുടെ പേരിലും നന്ദി അറിയിച്ചു. തുടര്‍ന്ന് ട്രഷറര്‍ അപ്പുക്കുട്ടന്‍, രണ്ടുനാള്‍ നീണ്ട പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ലക്ഷ്മി നാരായണ ശാസ്ത്രികളെയും രാജ ഹരിഹര അയ്യരെയും പൊന്നാട അണിയിച്ചു ആദരിച്ചു. രണ്ടു ദിനങ്ങള്‍ ആയി അഹോരാത്രം ശിവവിഗ്രഹ സ്ഥാപന വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും മറ്റു ഗീതാ മണ്ഡലം കുടുംബാംഗങ്ങള്‍ക്കും, ശിവവിഗ്രഹ സ്ഥാപനത്തില്‍ പങ്കെടുക്കുകയും ഇതിന്റെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച എല്ലാ നല്ലവരായ ഭക്ത ജനങ്ങള്‍ക്കും നന്ദി അറിയിച്ചു. "ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന് ശ്രീകൃഷ്ണന്‍ "ഭഗവദ്ഗീത'യില്‍ പറഞ്ഞിട്ടുണ്ട്. ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മാത്രമല്ല, ഊര്‍ജ്ജ സ്രോതസ്സുകള്‍ നിറഞ്ഞു നില്‍ക്കുന്ന കേന്ദ്രമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനം വഴി നമുക്ക് ആവശ്യമുള്ള അളവില്‍ അനുകൂലോര്‍ജ്ജം ലഭിക്കുവാന്‍ കഴിയും അതിനാല്‍ കഴിയുന്നത്ര എല്ലാ ഭക്ത ജനങ്ങളും കുട്ടികളുമായി ക്ഷേത്ര ദര്‍ശനം നടത്തണം എന്ന് തദവസരത്തില്‍ ഗീതാമണ്ഡലം ആചാര്യന്‍ ആനന്ദ്­ പ്രഭാകര്‍ അഭിപ്രായപ്പെട്ടു. ഇതോടെ ഗീതാ മണ്ഡലം അംഗങ്ങളുടെ ചിരകാല അഭിലാഷങ്ങളില്‍ ഒന്ന് കൂടി സഫലീകരിച്ചു. ആനന്ദ് പ്രഭാകര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.