You are Here : Home / USA News

ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിന് വ്യായാമം അനിവാര്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 02, 2016 10:23 hrs UTC

ഡാലസ് ∙ പ്രായം വർധിക്കും തോറും ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന സ്വഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ വ്യായാമം അനിവാര്യമാണെന്ന് ഡാലസ് ഫോർട്ട് വർത്തിലെ സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും സാമൂഹ്യ– സാംസ്കാരിക പ്രവർത്തകനുമായ ഡോ. ചന്ദ്രശേഖരൻ നായർ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതൽ സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഏകദിന പഠന ശിബരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ചന്ദ്രശേഖരൻ നായർ. പ്രമേഹവും ഹൃദ്രോഗവും അമിത രക്തസമ്മർദ്ദവും പ്രായമായവരിൽ മാത്രമല്ല മധ്യവയസ്കരിലും പൊതുവായി കണ്ടുവരുന്ന രോഗമാണ്. ആധുനിക അലോപ്പതി ചികിത്സയിലൂടെ ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാമെങ്കിലും ഭക്ഷണ ക്രമത്തിൽ നിയന്ത്രണം പാലിക്കുന്നതിലൂടേയും സ്ഥിരമായ വ്യായാമത്തിലൂടേയും പൂർണ്ണമായും ഈ രോഗത്തെ അകറ്റി നിർത്താനാകുമെന്ന് ഡോക്ടർ പറഞ്ഞു. അമിത മദ്യപാനവും പുകയില ഉപയോഗവും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്നവർ ശരീരത്തെ അറിഞ്ഞു കൊണ്ടു അനാരോഗ്യകര അവസ്ഥയിലേക്ക് തളളിവിടുകയാണെന്ന് മുന്നറിയിപ്പും ഡോക്ടർ നൽകി. ശാരീരിക വ്യായാമത്തോടൊപ്പം മാനസിക വ്യായാമത്തിന് യോഗാ പരിശീലിക്കുന്നതും ഉചിതമായിരിക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. തുടർന്ന് ജയാ ചാക്കോ സമീകൃത ആഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചു വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. ഓർഗാനിക്ക് എന്ന ലേബലിൽ കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്കു പകരം വീട്ടുവളപ്പിൽ കൃഷി ചെയ്തു ലഭിക്കുന്നവ ആരോഗ്യത്തിന് കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് ജയ ചാക്കോ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതവും വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു. തുടർന്ന് ഓർഗാനിക്ക് വിഭവങ്ങൾ കൊണ്ടു തയാറാക്കിയ ഉച്ചഭക്ഷണവും രുചിച്ചാണ് സെമിനാറിൽ പങ്കെടുത്തവർ പിരിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.