You are Here : Home / USA News

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 06, 2016 09:43 hrs UTC

ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിവസം, കിഴക്കിന്റെ കാതോലിക്കയും, മലങ്കരയുടെ യാക്കോബ് ബുര്‍ദാനയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിന്റെ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിക്കും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലകളിലെ ബഹു. വൈദീകരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

 

 

അമേരിക്കന്‍ ആര്‍ച്ച് ഡയോസിസില്‍ സന്ദര്‍ശനം നടത്തിവരുന്ന ശ്രേഷ്ഠ ബാവാ തിരുമനസ് സെന്റ് ജയിംസ് ഇടവക 2009-ല്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇടവക സ്വന്തമായ ദേവാലയം കരസ്ഥമാക്കിയതിനു ശേഷമുള്ള പ്രഥമ സന്ദര്‍ശനം അനുഗ്രഹകരമാക്കുവാന്‍ ഇടവകാംഗങ്ങള്‍ അക്ഷീണം പ്രയത്‌നിച്ചുവരുന്നു. സെപ്റ്റംബര്‍ ഏഴാംതീയതി ബുധനാഴ്ച വൈകുന്നേരം 6.15-ന് ദൈവാലയത്തില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവയേയും, ഇടവക മെത്രാപ്പോലീത്തയേയും പരമ്പരാഗതമായ രീതിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. 6.30-ന് സന്ധ്യാ നമസ്കാരവും, 7 -ന് ശ്രേഷ്ഠ ബാവായുടെ പ്രധാന കാര്‍മികത്വത്തിലും, അഭി. മോര്‍ തീത്തോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാനയും, വി. ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും, നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദൂത് നല്‍കും. ഇടവകയിലെ വിശ്വാസികള്‍ ദൈവാലയത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരിക്കുന്ന വി. ദൈവമാതാവ്, മോര്‍ യാക്കോബ് ശ്ശീഹ, മോര്‍ ഗീവര്‍ഗീസ് സഹദ, മഞ്ഞനിക്കര ബാവ, കോതമംഗലം ബാവ, പരുമല തിരുമേനി എന്നീ വിശുദ്ധരുടെ ഛായാചിത്രങ്ങള്‍ ശ്രേഷ്ഠ ബാവ അനാഛാദനം ചെയ്യും. ശ്രേഷ്ഠ ബാവയുടെ ആശീര്‍വാദത്തിനും, നേര്‍ച്ച വിളമ്പിനും ശേഷം സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ പര്യവസാനിക്കും. വികാരി ഫാ ആകാശ് പോള്‍, വൈസ് പ്രസിഡന്റ് പൗലോസ് കെ. പൈലി, സക്രട്ടറി രഞ്ചു സഖറിയ, ട്രസ്റ്റി എല്‍ദോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.