You are Here : Home / USA News

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 08, 2016 08:56 hrs UTC

ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വന്‍ പരിപാടികളോടെ കൊടിയിറങ്ങി.. ഇനി വരാനിരിക്കുന്നത് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളുടെ തേരോട്ടം. എറ്റോബിക്കോവിലെ മൈക്കിള്‍ പവര്‍ സ്­കൂളിന്റെ വിശാലമായ അങ്കണത്തില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതില്‍ പരം ഇനങ്ങളുള്‍പ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം മഹാബലിയെ വരവേല്‍ക്കുന്നതിനുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയുടെ വിളംബരം നയാഗ്രയിലെ "തരംഗം' ബാന്‍ഡിന്റെ ചടുലമായ ചെണ്ടമേളത്തോടെയായിരുന്നു. മുത്തുക്കുട പിടിച്ചു കൊണ്ട് തുളുനാടന്‍ ശൈലിയില്‍ വസ്ത്ര ധാരണം ചെയ്ത വനിതകളും പുരുഷന്മാരും, താലപ്പൊലിയേന്തിയ കുട്ടികള്‍ , പുലികളി, ഓണപ്പാട്ടു സംഘങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മഹാബലിയ്ക്കു വന്‍ വരവേല്‍പ്പ് നല്‍കി.

 

തുടര്‍ന്ന് "ആല്‍ത്തറ' കൂട്ടായ്­മയുടെ കുട്ടനാടന്‍ വള്ളം കളി . കാനഡയുടെ കലാസാംസ്കാരികമായ ഉന്നതിയ്ക്കു തങ്ങളുടെ സംഘടനാ എക്കാലവും ഒരു പടി മുന്നിലുണ്ടാവുമെന്നും, സാമ്പത്തികമല്ല, സാമൂഹ്യ പ്രതിബദ്ധതയ്ക്കാണ് മുന്‍ഗണനയെന്നും ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള വേള്‍ഡ് വിഷന്‍ പ്രോജക്ടിന് അഞ്ഞൂറ്റിയൊന്നു ഡോളര്‍ സംഭാവന കൈമാറിക്കൊണ്ട് സംഘടനയുടെ പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്നുള്ള കലാവിരുന്ന് അവതാരകരായ ലിസ് കൊച്ചുമ്മനും സണ്ണിയും നിയന്ത്രിച്ചു. പരമ്പരാഗത നൃത്തങ്ങളുടെ ഇനത്തില്‍ സുജാത ഗണേഷും സംഘവും അവതരിപ്പിച്ച തിരുവാതിര. കഥകളിയും മോഹിനിയാട്ടവും കോര്‍ത്തിണക്കിയ മഞ്ജുള ദാസിന്റെ കേരളം നടനം, എസ് ജി എക്‌സ്പ്രഷന്‍സിന്റെ മോഹിനിയാട്ടം , നൃത്തകലാകേന്ദ്രയുടെ ഫോക് ഫ്യൂഷന്‍ ഡാന്‍സ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. അതോടൊപ്പം ജിഷ ഭക്തന്‍, നേഹ ചെമ്മണ്ണൂര്‍, നൃത്തകലാ കേന്ദ്ര എന്നീ സംഘങ്ങളുടെ ഫ്യൂഷന്‍ ഡാന്‍സും, വര്‍ഷ മേനോന്‍ ടീമിന്റെ മാസ്മരികമായ സിനിമാറ്റിക് ഡാന്‍സും കാണികളുടെ മനം കവര്‍ന്നു. പുത്തന്‍ തലമുറയിലെ ഗായകരായ അലാന ഈപ്പന്‍, അങ്കിത തോമസ്, അഞ്ജലി ജോണ്‍, അക്ഷയ എന്നിവരുടെ ശ്രവ്യമനോഹരമായ ഗാനങ്ങള്‍ സദസ്യരുടെ കരഘോഷം നേടി.

 

 

നിക്കോളാസിന്റെ നേതൃത്വത്തില്‍ ആധുനിക സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് മ്യൂസിക് ഫെസ്റ്റ് എന്ന ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയായിരുന്നു പ്രധാനമായ ഇനം. പരിപാടിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ മലയാളത്തിലെ സുപ്രസിദ്ധ കഥാകാരന്മാരായ മനോജ് ജാതവേദര്, സുരേഷ് നെല്ലിക്കോട് എന്നിവരും "പഴമ്പുരാണംസ്', "ദേശിംഗം' എന്നീ ബ്ലോഗ് എഴുത്തുകാരും ഓണത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കു വച്ച് കൊണ്ട് ആശംസകള്‍ നേര്‍ന്നു. അഞ്ഞൂറില്‍ പരം അതിഥികള്‍ സംബന്ധിച്ച ഈ മെഗാ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും, വിശേഷാല്‍ മുഖ്യ പ്രായോജകരായ അസറ്റ് ഹോംസിനും മനോജ് കരാത്തയ്­ക്കും സെക്രട്ടറി മഞ്ജുള നന്ദി പ്രകാശിപ്പിച്ചു. നടപ്പു വര്‍ഷത്തെ ഇനി വരുന്ന പ്രോഗ്രാമുകളായ കാനഡ സര്‍ക്കാരിന്റെ വ്യക്ഷത്തൈ നടീല്‍, ക്രിസ്മസ് ഗാല എന്നിവയുടെ ഒരുക്കങ്ങള്‍ ജന പങ്കാളിത്തത്തോടെ വരുന്ന ആഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികളായ പ്രശാന്ത് പൈയും ജോളി ജോസഫും പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോണ്‍ : 647­295­6474.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.