You are Here : Home / USA News

മീന രജതജൂബിലി വിരുന്ന് നവംബര്‍ അഞ്ചിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 08, 2016 10:09 hrs UTC

ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) രജതജൂബിലി വാര്‍ഷിക വിരുന്ന് നവംബര്‍ അഞ്ചാംതീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആഷിയാന ബാങ്ക്വറ്റ് ഹാളില്‍ (1620 75th Street, Downers Grove, IL) വച്ചു നടക്കും. വടക്കേ അമേരിക്കയിലെ മലയാളികളായ എല്ലാ എന്‍ജിനീയര്‍മാരേയും കോര്‍ത്തിണക്കുന്ന ദൗത്യവുമായി ആരംഭിച്ച മീന അതിന്റെ ഇരുപത്തഞ്ചാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നു. പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും കലാ-സാംസ്കാരിക മേഖലകളില്‍ പരസ്പര ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും, സാംസ്കാരിക സമ്മേളനം, ശൃംഖലാ കൂടിക്കാഴ്ചകള്‍ എന്നിവയ്ക്കും മീന വേദിയൊരുക്കുന്നു.

 

 

അര്‍ഹരായ നൂറുണക്കിന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെ പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു. എന്‍ജിനീയറിംഗ് സാങ്കേതികവിദ്യയില്‍ മഹത്തായ സംഭാവനകള്‍ നല്കിയ മലയാളി എന്‍ജിനീയര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് "എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം മീന എല്ലാവര്‍ഷവും നല്‍കിവരുന്നു. ഈ രജതജൂബിലി ആഘോഷത്തില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളെ ഒരേ വേദിയില്‍ അണിനിരത്തി ഒരു സാങ്കേതിക സെമിനാറും സംഘടിപ്പിക്കുന്നു.

 

 

ഉച്ചയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ മലയാളി സമൂഹത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത് ഉന്നത പദവികള്‍ വഹിക്കുന്ന ഈ വ്യക്തികളെ നേരിട്ടു കാണുവാനും പരിചയപ്പെടുവാനുമുള്ള അസുലഭ അവസരം മീന ഒരുക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നസമാനമായ നേട്ടം കൈവരിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം ചോദ്യോത്തരവേളയും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 5.30-നു ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. അജിത് ചന്ദ്രനും, ചിന്നു തോട്ടവും ഒരുമിച്ച് ഒരുക്കുന്ന സ്വരലയ നൃത്തവാദ്യ കലാപരിപാടി ഈ ആഘോഷത്തിനു മാറ്റുകൂട്ടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മീനയുടെ ആദ്യത്തെ പ്രസിഡന്റ് കോശി വൈദ്യന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയില്‍ കണ്‍വീനര്‍ ലാലു താച്ചറ്റ് ആഘോഷക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മലയാളികളായ എല്ലാ എന്‍ജിനീയര്‍മാരേയും അവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഭാരവാഹികള്‍ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 847 302 1350, സാബു തോമസ് (പി.ആര്‍.ഒ) 630 890 5045. സെക്രട്ടറി ഫിലിപ്പ് മാത്യു ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.