You are Here : Home / USA News

ഡാലസ് സാഹിത്യസമ്മേളനം: ജോസ് പനച്ചിപ്പുറം മുഖ്യാതിഥി

Text Size  

Story Dated: Monday, October 17, 2016 10:51 hrs UTC

ഡാലസ്∙ ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാലസിൽ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തും നിനിമാ നിർമ്മാതാവുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നീ പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു. ഒക്ടോബർ 22ന്, ശനിയാഴ്ച, കരോൾട്ടൻ ക്രോസ്ബി ലൈബ്രറി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് ആരംഭിക്കുന്ന സാഹിത്യ സാംസ്ക്കാരിക സമ്മേളനത്തിൽ അതിർത്തി കടന്ന അമ്മ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി ലോക മലയാള സാഹിത്യത്തിന്റെ വളർച്ചയെയും വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ സംഭാവനകളെയും പരാമർശിച്ചുകൊണ്ട് ജോസ് പനച്ചിപുറം മുഖ്യ പ്രഭാഷണം നടത്തും.

 

 

അമേരിക്കൻ മലയാള മണ്ണിൽ നിന്നും കേരളീയ അക്ഷരങ്ങളുടെയും കലയുടെയും തൊടുകുറി സ്വന്തം ഹൃദയത്തിൽ ഏറ്റു വാങ്ങി കേരളത്തിലെ മുഖ്യ ധാരാ എഴുത്തുകാരനും നടനുമായിത്തീർന്ന തമ്പി ആന്റണി കാലികമായ സാഹിത്യാ, സിനിമാ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കും. മുന്നു ദശാബ്ദങ്ങളായി കാനഡയിലെ ഹാലിഫാക്സിൽ സംഗീതവും സാഹിത്യവും ഗ്രന്ഥരചനയുമായി വസിക്കുന്ന ഫാ. ജോൺ പിച്ചാപ്പിള്ളിയും മലയാളത്തിന്റെ സംഗീത ഗന്ധർവ്വൻ ദാസേട്ടനും ചേർന്ന് എഴു സംഗീത ആൽബങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. ഒപ്പം ദാർശനിക തലങ്ങളിൽ രചിക്കപ്പെട്ട നാലു ഗ്രന്ഥങ്ങളും. അക്ഷരങ്ങളിലെ ആത്മീയത എന്ന വിഷയത്തെ മുൻ നിർത്തി അദ്ദേഹം സംസാരിക്കും.

 

 

അക്ഷരസമൂഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങൾ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോർത്ത് അമേരിക്കയിൽ വളർന്നു വരേണ്ട തിന്റെ ആവശ്യകതയെ മുൻ നിർത്തിയാണ് അസോസിയേഷൻ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭാഷാ സ്നേഹിതരുടെ സഹകരണവും പിന്തുണയും ഡാലസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് സെക്രട്ടറി സാം മത്തായി അഭ്യർത്ഥിച്ചു. അമേരിക്കൻ മലയാള സാഹിത്യസമൂഹത്തിലെ പ്രമുഖർ പങ്കെടുക്കും. ഒപ്പം വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. സെക്രട്ടറി സാം മത്തായി, മീഡിയ കോർഡിനേറ്റർ രവികുമാർ എടത്വ, ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ട്രസ്റ്റി ബോർഡ് അംഗം ബിജു തോമസ് എന്നിവർ സമ്മേളന പരിപാടികൾക്കു നേതൃത്വമേകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.