You are Here : Home / USA News

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 19, 2016 10:55 hrs UTC

ഫീനിക്‌സ്: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജീതിവിവേചനവും ഉച്ചനീചത്വങ്ങളും അതിശക്തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് ബഹുമാനപ്പെട്ട കുഞ്ഞച്ചന്‍ തന്റെ പൗരോഹിത്യ ജീവിതം അധ:സ്ഥിതരായവര്‍ക്കുവേണ്ടി ധൈര്യപൂര്‍വ്വം സമര്‍പ്പിച്ചത്. സ്വന്തം ദൈന്യതകള്‍ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചന്‍ ചെറിയവരില്‍ ചെറിയവര്‍ക്കുവേണ്ടി സ്ന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുവാന്‍ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുമ്പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്‌നേഹവും മൂലമാണെന്നു തിരുനാള്‍ സന്ദേശം നല്‍കിയ ഫാ. എട്ടുപറയില്‍ പറഞ്ഞു. മഹാപ്രസ്ഥാനങ്ങള്‍ക്കോ സംഭവബലുഹമായ ആത്മീയ മുന്നേറ്റങ്ങള്‍ക്കോ നേതൃത്വം നല്‍കിയില്ലെങ്കിലും സുവിശേഷത്തിലെ ക്രിസ്തുസ്‌നേഹം തനിമയോടെ പച്ചമനുഷ്യന് പകര്‍ന്നു നല്‍കിയെന്നതാണ് കുഞ്ഞച്ചനെന്ന വൈദീകനെ പുണ്യപുരുഷനാക്കിയതെന്ന് ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

 

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനില്‍ പ്രകടമായ ക്രിസ്തീയ പുണ്യങ്ങളുടെ അരൂപി ഓരോ ക്രൈസ്തവനും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാല്‍ ലോകത്തില്‍ വിപ്ലവകരമായ ആത്മീയ ഭൗതീക മുന്നേറ്റങ്ങള്‍ക്ക് അതു കാരണമാകുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. തിരുനാള്‍ കുര്‍ബാനയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. പൊന്നിന്‍കുരിശുകളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പരമ്പരാഗത ഭാരതീയ ക്രൈസ്തവാഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായി. ചെണ്ടയും വാദ്യമേളങ്ങളും ആഘോഷങ്ങള്‍ക്കു മേളക്കൊഴുപ്പ് ചാര്‍ത്തി. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം നേടുന്നതിനായി ഇടവകാംഗങ്ങള്‍ എല്ലാവരും കുടുംബസമേതം എത്തിച്ചേര്‍ന്നു. പരമ്പരാഗത ക്രൈസ്തവ രീതിയിലുള്ള നേര്‍ച്ച വിളമ്പും തിരുശേഷിപ്പ് വണങ്ങലും തിരുനാള്‍ പരിപാടികളെ ഭക്തിസാന്ദ്രമാക്കി. പള്ളി ട്രസ്റ്റിമാരായ മനോജ് ജോണിന്റേയും, പ്രസാദ് ഫിലിപ്പിന്റേയും നേതൃത്വത്തില്‍ വാര്‍ഡ് പ്രതിനിധി ഷാജു ഫ്രാന്‍സീസ് പരിപാടികളുടെ മുഖ്യ കോര്‍ഡിനേറ്ററായിരുന്നു. ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പേരിലുള്ള വാര്‍ഡുകാരാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. മാത്യു ജോസ് അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.