You are Here : Home / USA News

ആരാധനാലയങ്ങൾ കളിസ്ഥലങ്ങളാക്കി മാറ്റുന്നത് ആപത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 22, 2016 12:31 hrs UTC

ഡിനേഷ് വാരിയാപുരം

 

മസ്കിറ്റ് (ഡാലസ്) ∙ ആധുനിക സംസ്കാരത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പരിപാവനമായി സൂക്ഷിക്കപ്പെടേണ്ട ആരാധനാലയങ്ങൾ കളിസ്ഥലങ്ങളാക്കി മാറുന്ന പ്രവണത അപകടകരമാണെന്ന് പ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും ദൈവ വചന പണ്ഡിതനുമായ ഡിനേഷ് ജോസഫ് വാരിയാപുരം മുന്നറിയിപ്പ് നൽകി. ഒക്ടോബർ 21 വെളളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം വാർഷിക യോഗങ്ങളുടെ പ്രാരംഭ ദിനത്തിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു ഡിനേഷ്. ആദം– ഹവ്വ സന്തതികളായ കയീന്റേയും കൊല്ലപ്പെട്ട ഹാബേലിനു പകരം ജനിച്ച ശേത്തിന്റേയും സന്തതി പരമ്പരകൾ തമ്മിലുളള അന്തരത്തെ ആധുനിക തലമുറയുമായി താരതമ്യപ്പെടുത്തി നടത്തിയ വചന പ്രഘോഷണം ഹൃദയ സ്പർശിയായിരുന്നു. ദൈവമില്ലാത്ത, ആരാധനയില്ലാത്ത, പാപത്തിൽ ജീവിക്കുന്ന തലമുറയെ കയീൻ പ്രതിനിധാനം ചെയ്യുമ്പോൾ ദൈവ ഭയമുളള, ആരാധനയുളള, സത്യത്തിൽ ജീവിക്കുന്ന തലമുറയെയാണ് ശേത്ത് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യനെ കൊന്നു തളളുന്ന ആയുധ നിർമ്മാണത്തിന്റെ പിതൃത്വം കയ്യീനാണെങ്കിൽ മനുഷ്യനെ അമർത്യതയിലേക്ക് നയിക്കുന്നതിന്റെ പിതൃത്വം ശേത്തിനവകാശപ്പെട്ടതാണെന്ന് ഡിനേഷ് ചൂണ്ടിക്കാട്ടി.

 

 

ശേത്തിന്റെ പാരമ്പര്യത്തിൽ ഭാഗഭാക്കുകളാക്കുവാൻ നമ്മുടെ മുമ്പിൽ തുറക്കപ്പെട്ടിരിക്കുന്ന ഏകമാർഗ്ഗം ‘ഞാൻ തന്നെ വഴിയും സത്യവും ജീവിനും ആകുന്നു’ എന്ന് അരുളി ചെയ്ത ക്രിസ്തു നാഥനെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതു മാത്രമാണെന്നും ഡിനേഷ് പറഞ്ഞു. നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ക്രിസ്തു നാഥൻ നമ്മോട് വ്യക്തിപരമായി ബന്ധപ്പെട്ടിട്ട് എത്ര കാലമായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രാരംഭദിന പ്രസംഗം ഉപസംഹരിച്ചത്. റവ. ഫാ. ഷൈജു പി. ജോൺ ആമുഖ പ്രസംഗം നടത്തി. അലക്സ് കോശി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ലെ ലീഡർ ബാബു പി. സൈമൺ മദ്ധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സഖ്യം സെക്രട്ടറി അജു മാത്യു സ്വാഗതം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.