You are Here : Home / USA News

പീറ്റർ ജേക്കബിന് സ്വീകരണം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, October 28, 2016 11:43 hrs UTC

ന്യൂജഴ്സി ∙ ന്യൂജഴ്സി കോൺഗ്രഷണൽ ഡിസ്ട്രിക്ട് 7ൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റർ ജേക്കബിന് ന്യുജഴ്സിയിലെ ഡോവറിൽ സ്വീകരണം നൽകി. ഡോവർ സെന്റ് തോമസ് ഇടവകയുടെ പാർക്കിങ് ലോട്ടിൽവച്ച് നടന്ന യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഫാ. ഷിബു ഡാനിയേൽ, ഫാ. സണ്ണി ജോസഫ്, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പിളളിൽ, ഫാമിലി കോൺഫറൻസ് ട്രഷറർ ജീമോൻ വർഗീസ്, സജൻ പോത്തൻ, സജി പോത്തൻ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശക്തി ക്ഷയിച്ച കോൺഗ്രസിന്റെ പുനരുദ്ധാരണത്തിനും പുരോഗമന നിയമ നിർമാണങ്ങൾക്കും പീറ്ററിന്റെ വിജയം ആവശ്യമാണെന്നും അദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടി എല്ലാവരും ആത്മാർഥമായി പരിശ്രമിക്കണെന്നും ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.

 

 

താൻ ഊന്നൽ നൽകുന്ന പ്രകൃതി വിഭവ ചൂഷണം, ഊർജം, അഴിമതി വിരുദ്ധ പോരാട്ടം, സുരക്ഷ തുടങ്ങിയ വിഷയങ്ങളെപ്പറ്റി മറുപടി പ്രസംഗത്തിൽ ആധികാരികമായി സംസാരിച്ച 30 കാരനായ പീറ്റർ, ന്യൂജഴ്സി 7ാം ഡിസ്ട്രിക്ടിന് അഭിവൃദ്ധിയുടെ നാളുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘രാഷ്ട്രീയത്തിനതീതമായി ജനം’ എന്ന മുദ്രാവാക്യവുമായാണ് പീറ്റർ ജേക്കബ് വോട്ടർമാരെ കാണുന്നത്. രാഷ്ട്രീയക്കാരനായല്ല, പൊതുപ്രവർത്തകനായി അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നത്. 7ാം ഡിസ്ട്രിക്ടിലെ പ്രശ്നങ്ങൾ ജോലി സംബന്ധമായതും ഇക്കോണമിയെ ബാധിക്കുന്നതും മാത്രമല്ല, സാധാരണ ജനങ്ങളെ ബാധിക്കുന്ന പല ഘടകങ്ങളും അടങ്ങിയതാണ്. കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്ന ഒട്ടനവധി പേർ ഈ ഡിസ്ട്രിക്ടിലുണ്ട്. തന്റെ മുന്നിലുളള ഒരു പ്രധാന വിഷയമാണിത്. മധ്യവർത്തി കുടുംബങ്ങൾ ലോണുകളുമായി മല്ലിടുകയാണ്.

 

 

അതേസമയം ബിസിനസുകാർ ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുന്നു. അമേരിക്ക കണ്ട മികച്ച സ്റ്റേറ്റ്സ്മാൻമാരായ ഫ്രാങ്ക് ലിൻ റൂസ് വെൽറ്റ്, ജോൺ എഫ് കെന്നഡി, ലിൻഡൺ ബി. ജോൺസൺ, ഡ്വൈറ്റ് ഐസനോവർ എന്നിവരൊക്കെ ഉയർത്തിപ്പിടിച്ച മഹത്തായ ആശയങ്ങൾ തിരികെ കൊണ്ടുവരുവാനും ജനഹൃദയങ്ങളിലേക്ക് അവ എത്തിക്കുവാനും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മാതൃ ഇടവകയായ ഡോവർ സെന്റ് തോമസിന്റെ പരിസരത്ത് തന്നെ ഇങ്ങനെയൊരു പ്രചരണയോഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ പീറ്റർ ജേക്കബ് സംതൃപ്തി രേഖപ്പെടുത്തി. സൺഡേ സ്കൂൾ ക്ലാസിൽ വേദപാഠങ്ങൾ പറഞ്ഞു കൊടുത്ത ശോശാമ്മ ഇട്ടിയെ പേരെടുത്ത് പറഞ്ഞ് പീറ്റർ വിനയാന്വിതനായി. ഇടവകയിലെ ഒരു കാരണവരായ ഏലിയാസ് മത്തായി, കാമ്പയിൻ ട്രഷറർ കൂടിയായ ജോർജ് ഏബ്രഹാം എന്നിവരെയും അനുസ്മരിച്ചു. കാമ്പയിൻ ബസ് ടൂറിൽ പീറ്റർ ജേക്കബിനോടൊപ്പം ഒട്ടനവധി ലോക്കൽ നേതാക്കളും എത്തിയിരുന്നു.

 

 

സതീർഥ്യൻ ജോർജ് കുരുവിളയും കാമ്പയിൻ ടീമിനൊപ്പം ഉണ്ടായിരുന്നു. യൂണിയൻ കൗണ്ടി കോളജ്, കീൻ യൂണിവേഴ്സിറ്റി, സെന്റ് ലൂയി വാഷിങ്ടൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ വാഴൂർകാരൻ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പഠനകാലത്ത് തന്നെ സാമൂഹ്യ പ്രതിബദ്ധതയുളള സംഭവങ്ങളിൽ ഇടപെട്ടാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചത്. കടഞ്ഞെടുത്ത വാക്കുകളിൽ, സ്ഫുടതയോടെ, ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച പീറ്റർ ജേക്കബിനെ മലയാളികളും അമേരിക്കക്കാരും അടങ്ങുന്ന സമൂഹം ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ഫിലിപ്പോസ് ഫിലിപ്പ്, ജോസ് വിളയിൽ, സാജൻ പോത്തൻ എന്നിവർ ആവേശപൂർവ്വം മുദ്രാവാക്യം വിളികൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.