You are Here : Home / USA News

ഹൂസ്റ്റണിൽ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, October 28, 2016 11:54 hrs UTC

ഹൂസ്റ്റൺ∙ അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റർ ടെക്സസിലെ ഹൂസ്റ്റണിൽ നവംബർ ആദ്യവാരം വിവിധ സംഗീത ക്ലാസ്സുകൾക്ക് തുടക്കം കുറിക്കും. ക്ലാസിക്കൽ സംഗീതം, ലളിത സംഗീതം തുടങ്ങിയ ഇനങ്ങളിൽ പ്രത്യേക ക്ലാസുകളും സെഷനുകളുമുണ്ടാകും. 1981ൽ കൊച്ചിൻ കോറസ് എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ച് ഇന്ത്യയിലും വിദേശത്തും അനേകം ഗാനമേളകൾ നടത്തി വിജയക്കൊടി പാറിച്ചതോടെ സ്ഥാപകനായ പീറ്ററിന്റെ ഒപ്പം കോറസ് എന്ന പേരു കൂടി ചേർക്കപ്പെട്ട് അദ്ദേഹം കോറസ് പീറ്റർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കോറസ് പീറ്റർ സംഗീത രംഗത്ത് 45 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹം ഗുരുക്കന്മാരായ വിജയരാജൻ മാസ്റ്റർ, നടേശൻ മാസ്റ്റർ, യേശുദാസിന്റെ ഗുരുവായ ശിവരാമൻ ഭാഗവതർ, കെ.കെ. ആന്റണി മാസ്റ്റർ തുടങ്ങിയവരിൽ നിന്നും സംഗീതം അഭ്യസിച്ചു. കലാഭവനിൽ ആറു വർഷക്കാലം (1974-1980) മുഖ്യഗായകനായിരുന്നു പീറ്റർ.

 

 

ആ കാലഘട്ടത്തിൽ കേരളത്തിലെ ഗാനമേള ട്രൂപ്പുകളായ മുവ്വാറ്റുപുഴ എയ്ഞ്ചൽ വോയ്സ്, ആലപ്പി ബ്ലൂഡയമണ്ട്, വോയ്സ് ഓഫ് ട്രിച്ചൂർ തുടങ്ങിയവയിലും സഹകരിച്ചു. സ്വന്തം ട്രൂപ്പായ കൊച്ചിൻ കോറസ് 1981ൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്ത് യുഎഇ, ബഹറിൻ, ഖത്തർ എന്നിവിടങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു. 1982, 1984, 1999, 2001 എന്നീ വർഷങ്ങളിലും യുഎസിലെ വിവിധ സിറ്റികളിൽ കൊച്ചിൻ കോറസ് അതി വിജയകരമായി ഗാനമേളകൾ അവതരിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി 5000 വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. നിരവധി ക്രിസ്തീയ ഗാനങ്ങളും, ഹിന്ദു ഭക്തി ഗാനങ്ങളും, മാപ്പിള പാട്ടുകളും, നാടക ഗാനങ്ങളും റിക്കാർഡ് ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 100 നാടകഗാനങ്ങൾ, മമകേരളം, ക്രിസ്തു എനിക്കൊരു ആത്മസ്പർശം എന്നിവയാണ് പുതിയ സിഡികൾ. ജെറി അമൽദേവിന്റെ ഈണത്തിൽ കോറസ് പീറ്റർ പാടിയിട്ടുള്ള 'നിർമലമായൊരു ഹൃദയമെന്നിൽ നിർമ്മിച്ചരുളുക' എന്ന ഗാനം ക്രിസ്തീയ ഗാനശാഖയിൽ വളരെ പ്രസിദ്ധമാണ്.

 

യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, കെ.എസ്. ചിത്ര എന്നിവരോടൊപ്പമെല്ലാം പാടിയിട്ടുള്ള കോറസ് പീറ്ററിനെ ഈ കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൂസ്റ്റണിലെ അദ്ദേഹത്തിന്റെ സംഗീത ക്ലാസുകളെപ്പറ്റി കൂടുതൽ അറിയാൻ 281-818-2738 എന്ന നമ്പരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.