You are Here : Home / USA News

അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി

Text Size  

Story Dated: Friday, October 28, 2016 11:59 hrs UTC

കോരസൺ, ന്യൂയോർക്ക്

 

2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് "യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ തന്നെ രേഖപ്പെടുത്തുന്നത്. എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് ന്യൂ ജേഴ്‌സിയിലെ ഏഴാം കോൺഗ്രെസ്സെഷണൽ ഡിസ്ട്രിക്ടിൽ നടക്കുന്നത്. അമേരിക്കൻ ജനപ്രതിനിധി മണ്ഡലത്തിലെ 247 അംഗങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് , ഡെമൊക്രാറ്റിക് പാർട്ടി പ്രതിനിധികൾ 188 മാത്രമേയുള്ളു. രണ്ടു വര്ഷം കൂടുമ്പോൾ ഈ തിരഞ്ഞെടുപ്പ് നടത്തപ്പെടും. സുപ്രധാനമായ എല്ലാ നിയമ നിർമാണവും ഭരണ നയപരിപാടികളും ഈ സമിതിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ ആര് പ്രസിഡണ്ട് ആയാലും ജനപ്രതിനിധിസഭ ഏതു പാർട്ടിയുടെ കൂടെ എന്നതിനെ ആശ്രയിച്ചാണ് ഭരണം നിർവ്വഹിക്കപെടുക.

 

 

പ്രസിഡന്റിനെ ശ്വാസം മുട്ടിച്ചു ബഡ്ജറ്റ് പിടിച്ചു നിർത്താനും ഈ സമിതിക്കു ആകും. കഴിഞ്ഞ നാല് തവണയും 50 ശതമാനം മുതൽ 59 ശതമാനം വരെ വോട്ട് നേടി ജയിച്ച റിപ്പബ്ലിക്കൻ പ്രതിനിധി ലിയോണാർഡ് ലാൻസ്നെതിരെ കന്നിയങ്കം കുറിച്ചിരിക്കുന്നത് ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ,ഇളംതലമുറ മലയാളി പീറ്റർ ജേക്കബ് ആണ്. അപൂർവമായി മാത്രം ഡമോക്രാറ്റുകൾ വിജയിക്കപ്പെട്ട ഈ മണ്ഡലം 79 ശതമാനം വെള്ളക്കാർ താമസിക്കുന്ന റിപ്പബ്ലിക്കൻ മുൻതൂക്കമുള്ള മണ്ഡലമാണ്. ചിട്ടയായ പ്രചാരണവും ശാന്തമായ ഇടപെടലുകളും, വ്യക്തമായ കാഴ്ചപ്പാടുകളും കൊണ്ട് എതിരാളിയെ വിളറി പിടിപ്പിച്ചിരിക്കയാണ് 31 കാരനായ പീറ്റർ ജേക്കബ്. വൻ ഭൂരിപക്ഷത്തിൽ 2 വര്ഷം മുൻപ് ഇവിടെ ജയിച്ച ലാൻസ് , വർഗീയ വിദ്വേഷം പുറത്തിറക്കിയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പീറ്റർ ജേക്കബിന്റെ ചിത്രത്തോടൊപ്പം ക്രിമിനലുകളുടെയും ഭീകരരുടെയും ചിത്രം ചേർത്തുവച്ചു വെബ് സൈറ്റുകളിലും മറ്റും വിദ്വേഷം വിതക്കയും വെള്ളക്കാരെ ഇളക്കി തന്റെ കസേര ഉറപ്പിക്കാനും ആണ് ശ്രമിക്കുന്നത്. ഇതുകാരണം 2 തവണ പീറ്റർ ജേക്കബിന്റെ വീട് ആക്രമിക്കപ്പെട്ടു.

 

 

ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ഊതി വീർപ്പിച്ച വെള്ളക്കാരന്റെ അരക്ഷിത ബോധവും, കുടിയേറ്റക്കാരോട് അവർക്കുള്ള അസഹിഷ്ണതയും, മറയില്ലാതെ പുറത്തുവന്നു. അത് പ്രാദേശിക തലത്തിലും ആഞ്ഞടിക്കുന്നുണ്ട്. ഇന്നർ സിറ്റികളിൽ ഒരു വലിയ കൂട്ടം വെള്ളക്കാർ കടുത്ത സമ്മർദ്ദത്തിൽ തന്നെയാണ് ; അതാണ് വോട്ട് ആക്കിയെടുക്കാൻ ഉള്ള റിപ്പബ്ലിക്കൻ പാർട്ടി തന്ത്രവും. ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനു അവസാന നിമിഷം വരെ തലവേദന സൃഷ്ട്ടിച്ച, ജനപക്ഷത്തു നിലയുറപ്പിച്ച , അധ്വാന വർഗ്ഗത്തിന്റെ സമുന്നത പോരാളി ബെർണി സാന്ഡേഴ്സ് ഈ വോട്ട് ബെൽറ്റിൽ തന്നെയായിരുന്നു മേധാവിത്വം നേടിയിരുന്നത്. ബെർണി സാന്ഡേഴ്സ് പീറ്റർ ജേക്കബിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി അരക്ഷിതരും അനാഥരും ആയിമാറിയ വെള്ളക്കാരുടെ ഒരു വലിയകൂട്ടം പീറ്ററിന്‌ പിന്നിൽ നിരന്നു . സ്വന്തം പാർട്ടിയിൽതന്നെ ട്രംപ് ഉണ്ടാക്കിയ മുറിപ്പാടുകൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രകോപിതരായ കുറെവോട്ടറന്മാരെ പാർട്ടി മാറി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ന്യൂ ജേഴ്സിയിൽ ഈ മണ്ഡലത്തിലൂടെ കടന്നു പോകാൻ പോകുന്ന ഓയിൽപൈപ്പ് ലൈൻ ചുറ്റിപ്പറ്റി ഇപ്പോഴത്തെ പ്രതിനിധി ലാൻസ്നെതിരെ നിലനിൽക്കുന്ന ജനവിരോധം ഒക്കെയാണ് പീറ്ററിന്‌ അനുകൂലമാകുന്ന ഘടകങ്ങൾ. കൂടാതെ, തന്റെ വീട് ആക്രമിക്കപ്പെട്ടത് എല്ലാ ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തതോടുകൂടി, ഉർവശി ശാപം ഉപകാരം എന്നപോലെ പീറ്റർ ജേക്കബ് തിളങ്ങുന്ന താരമായി മാറി.

 

 

തന്റെ പ്രചാരണ വാഹനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുമ്പോൾ വലിയ കൂട്ടമാണ് അവിടെ തടിച്ചു കൂടുന്നത്. വളരെ ലളിതമായ രീതിയിൽ, ഒരു സുഹൃത് എന്നപോലെ പീറ്റർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് മതിപ്പോടെയാണ് വോട്ടറന്മാർ വീക്ഷിക്കുന്നത്. 6 ലക്ഷം വരുന്ന വോട്ടറന്മാരെ കഴിവതും നേരിൽ കണ്ടു വോട്ട് ചോദിക്കാനാണ് ഇനിയുള്ള സമയം അദ്ദേഹം നീക്കി വച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ അഡ്മിഷന് പോകാൻ തീരുമാനിച്ചത് മാറ്റിവച്ചു, തന്റെ ജീവിതത്തിനു സന്തോഷം തരുന്നത് മറ്റൊരു വഴിയാണെന്ന് തുറന്നു പറയാൻ 20 വയസുള്ള പീറ്ററിന്‌ കഴിഞ്ഞിരുന്നു. മലങ്കര ഓർത്തഡോൿസ് സഭയുടെ, ഡോവർ സെന്റ് തോമസ് ദേവാലയത്തിൽ സൺ‌ഡേ സ്കൂൾ പഠിക്കുമ്പോഴും, അൾത്താരയിൽ ശിശ്രൂഷകനായി പ്രവർത്തിക്കുമ്പോഴും പീറ്ററിന്റെ വേറിട്ട ശബ്ദം പലരും ശ്രദ്ധിച്ചിരുന്നു. തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി ഉറച്ച നിലപാടും, കേവലം ഒരു വിശ്വാസത്തിൽ തളച്ചിടപ്പെടാതെ, വിശ്വ മാനവ വീക്ഷണമാണ് തനിക്കു ചേർന്നതെന്നും ഉള്ള സ്വയ വിലയിരുത്തൽ പീറ്ററിനെ അടുത്തറിയാവുന്നവർക്കു നന്നേ തിരിച്ചറിഞ്ഞിരുന്നു.

 

 

സെന്റ് ലൂയിസ് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ പീറ്റർ കലാലയത്തിലും തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. ചെറു പ്രായത്തി തന്നെ, അരിസ്റ്റോട്ടിലും, ശ്രീബുദ്ധനും ആരാധ്യപുരുഷന്മാരായി, മഹാഭാരതവും ഭഗവത് ഗീതയും പഠിക്കാൻ ശ്രമിച്ചു, ജോൺ ഫ് കെന്നഡി തന്റെ ഹീറോ ആയി. വുമൺ ട്രാഫിക്കിങ്ങിനും ആഫ്രിക്കയിലെ ഡാർഫോറിൽ നടക്കുന്ന മനുഷ്യ കുരുതിക്കുമെതിരെ മുന്നണി പോരാളിയാളിയായി നിരത്തിലിറങ്ങി. പള്ളികളെയും കച്ചവടക്കാരെയും , ആശുപത്രികളെയും , സ്കൂളുകളെയും ഉൾപ്പെടുത്തി ന്യൂ ജേഴ്സിയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി വിജയകരമായി പീറ്റർ നടപ്പിലാക്കി. മാനസീക രോഗികളെ സമൂഹത്തിന്റെ കാണാപ്പുറങ്ങളിൽ നിന്ന് കൈപിടിച്ച് കൊണ്ടുവന്നു അവരുടെ പുനരധിവാസവും , തൊഴിലും തുടങ്ങിയ പദ്ധതിയും പീറ്ററിന്റെ സ്വപ്ന പദ്ധതിയാണ്. ജീവിതത്തിന്റെ നനുത്ത പ്രതിസന്ധികളെ നേരിൽ കണ്ടു, നിറവും വർഗ്ഗവും നോക്കാതെ, അവർക്കു വേണ്ടി, പ്രവർത്തിക്കുവാൻ കഴിയുന്നത് ഈ ചെറുപ്പക്കാരനെ വിനയാതീതനാക്കുന്നു.

 

 

ആദ്രതയും കാരുണ്യവും ഉള്ള വഴി കണ്ടെത്താൻ പീറ്ററിനു വിളക്കു കാട്ടികൊടുത്ത പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും സഹോദരി ബിനുവും സുഹൃത്തുക്കളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. സ്വദേശമായ, കോട്ടയത്തുള്ള വാഴൂരിലും പീറ്ററിന്‌ പിന്തുണ നേർന്നുകൊണ്ട്, ഫ്ളക്സ് ബോർഡ് ഒരുക്കി നിരവധിപ്പേർ വിജയം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു. തന്റെ മുത്തച്ഛൻ എലിയാസ് പീറ്ററും , തന്റെ മാതുലൻ റിട്ടയേർഡ് ചീഫ് ഇൻഫർമേഷൻ ഓഫീസർ എലിയാസ് പി. പീറ്ററും വിത്തിട്ട പാതയിലൂടെ ഇളംതലമുറ മനുഷ്യ സേവനത്തിനു മാന്യമായ ഇടംതേടുന്നു. കുട്ടിയായിരിക്കുമ്പോൾ ശേഖരിച്ചു വച്ചിരുന്ന ചെറു സമ്പാദ്യം മദർ തെരേസയുടെ ചാരിറ്റിക്ക് അയച്ചു കൊടുത്തിരുന്നു. മദർ തെരേസ്സ അന്ന് അയച്ചു കൊടുത്ത സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് " നിനക്കായി ഞാൻ പ്രാർഥിക്കും " പീറ്റർ തന്റെ ഹൃദയത്തിൽ എഴുതിച്ചേർത്തു. ആ വിശുദ്ധയുടെ പ്രാർഥന സഫലമാകട്ടെ എന്ന് ആശിക്കുന്നു. മലയാളം വ്യക്തമായി സംസാരിക്കുന്ന പീറ്റർ ജേക്കബ് യു . എസ് . ജനപ്രതിനിധി സഭയിൽ തിളങ്ങി നിൽക്കട്ടെ എന്നും എല്ലാ മലയാളിയോടും ചേർന്ന് ആശംസിക്കുന്നു.

 

Varghese Korason

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.