You are Here : Home / USA News

കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 29, 2016 12:11 hrs UTC

കേരളാ സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് യു.എസ്.എ (KSI- USA) യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ടോയ്‌ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് വാരാന്ത്യം വാരികയുടെ ചീഫ് എഡിറ്ററും കെ.എസ്.ഐ- യു.എസ്.എയുടെ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ് പ്ലാമൂട്ടില്‍ ഭാവി പരിപാടികള്‍ക്കു തുടക്കംകുറിച്ചു. പൂഞ്ഞാറിലെ എയ്ഡഡ് സ്കൂളായ സെന്റ് ജോസഫ് യു.പി സ്കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് ആറു ടോയ്‌ലറ്റുകള്‍ അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയത്. കേരളത്തില്‍ ഇന്ന് അവഗണിക്കപ്പെടുന്ന പാവപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും, നിര്‍ധന കുടുംബങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പൊതുജനാരോഗ്യവും ശുചിത്വവും പ്രോത്സാഹിപ്പിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കുക എന്ന ദൗത്യത്തോടെ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി തുടങ്ങിയ സംഘടനയാണ് കെ.എസ്.ഐ- യു.എസ്.എ.

 

 

 

പൊതുജനാരോഗ്യം അഭിവൃദ്ധിപ്പെടുത്തുവാന്‍ ചെറിയ സംഭാവനകളിലൂടെ വലിയ ആശ്വാസം നല്‍കാന്‍ സാധിക്കുമെന്ന ശാസ്ത്രീയ സത്യം അടിത്തറയാക്കിയാണ് കെ.എസ്.ഐ- യു.എസ്.എ എന്ന മിഷന് രൂപം നല്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെ.എസ്.ഐ- യു.എസ്.എയിലൂടെ സഹായം എത്തിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ തയാറാകുന്നത്. ദശാബ്ദങ്ങളായി പല പദ്ധതികള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 1980-കള്‍ മുതല്‍ അതെല്ലാം വെറും പാഴ്‌വാക്കുകളിലും, അഴിമതിയിലും ഒതുങ്ങുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും സുരക്ഷിതത്വത്തോടെയും ശുചിത്വത്തോടെയും പ്രാഥമിക ആവശ്യങ്ങള്‍ക്കായി കഷ്ടപ്പെടുന്ന കുട്ടികളും കുടുംബങ്ങളും ഉണ്ടെന്നുള്ളത് സാസ്കാരിക കേരളത്തിനും പ്രവാസി മലയാളികള്‍ക്കും അപമാനമാണ്.

 

 

 

ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും, സാംക്രമിക രോഗങ്ങളും പെരുകുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സഹായങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെ വരുന്നത് സാമൂഹികനീതിക്ക് നിരക്കുന്നതല്ല. ഇതിനായി ചെറിയ സംഭാവനകളിലൂടെ അര്‍ഹതപ്പെട്ട നിര്‍ധന കുട്ടികളേയും കുടുംബങ്ങളേയും സഹായിക്കുക എന്ന ലക്ഷ്യമാണ് കെ.എസ്.ഐ- യു.എസ്.എയ്ക്കുള്ളത്. അമേരിക്കയില്‍ രാവുംപകലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന മലയാളികള്‍ സ്വന്തം ജന്മനാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമ്പോള്‍ അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ നികുതി ഇളവുകള്‍ ലഭിക്കേണ്ടത് മൗലിക അവകാശമാണെന്നു മനസിലാക്കിയാണ് കെ.എസ്.ഐ- യു.എസ്.എ നിയമപരമായി സ്റ്റേറ്റ് ഗവണ്‍മെന്റിന്റേയും, ഫെഡറല്‍ ഗവണ്‍മെന്റിന്റേയും അംഗീകാരത്തോടെ 501 സി 3 ചാരിറ്റബിള്‍ സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

 

 

എല്ലാറ്റിലും ഉപരി സത്യസന്ധമായും സുതാര്യമായും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമായതുകൊണ്ടാണ് അംഗീകൃത സംഘടനയായി കെ.എസ്.ഐ- യു.എസ്.എ രൂപംകൊണ്ടത്. സാമ്പത്തിക ഇടപാടുകളുടെ കൃത്യതയും, പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഉറപ്പുവരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡും, നിയമോപദേശകരായി രണ്ട് സ്റ്റേറ്റ് സുപ്രീംകോടതി അറ്റോര്‍ണിമാരും, രണ്ട് സി.പി.എ അക്കൗണ്ടന്റുമാരും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ബര്‍ഗന്‍കൗണ്ടി വോളണ്ടിയര്‍ സംഘടനയുടെ സഹകരണവും കെ.എസ്.ഐ- യു.എസ്.എയ്ക്ക് ലഭിച്ചുവരുന്നു. കെ.എസ്.ഐ- യു.എസ്.എ കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉച്ചക്കഞ്ഞിക്കുള്ള ധനസഹായങ്ങളും, ചികിത്സാ സഹായങ്ങളും, പ്രതിരോധ കുത്തിവെയ്പു പദ്ധതികളും, സര്‍ക്കാര്‍ ആശുപത്രികളുടെ ശുചീകരണ പദ്ധിതകളും മറ്റു പൊതുജനാരോഗ്യ പദ്ധികളും ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ഐ- യു.എസ്.എയുടെ ഫേസ്ബുക്ക് പേജായ keralasanitationinitiotiveUSA സന്ദര്‍ശിക്കുക. അഡ്രസ്: KSI-USA, P.O Box 16, New Milford, NJ- 07646. Email: keralasanitationusa@gmail.com ഡോ. ജോജി ചെറിയാന്‍ എം.ഡി, എം.പി.എച്ച് ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.