You are Here : Home / USA News

കനിവ് തേടുന്നവർക്ക് കടലിനക്കരെ നിന്ന് ഒരു കാരുണ്യ കൂട്ടായ്മ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, November 01, 2016 11:44 hrs UTC

ന്യൂജേഴ്‌സി: ന്യൂ ജേഴ്‌സിയിൽ ഒരു പറ്റം പ്രവാസി യുവാക്കൾ തുടങ്ങി വച്ച കാരുണ്യകൂട്ടായ്മയുടെ ഭാഗമാകുവാനും, കനിവ് തേടുന്നവർക്കു സ്വാന്തനമാകുവാനും ഇപ്പോൾ അനേകർ. ജന്മനാട്ടിലെ അശരണരും രോഗികളുമായ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സഹൃദയരായ ഏതാനും മലയാളി ചെറുപ്പക്കാര്‍ 2001 നവംബറിലാണ് 'ഹെല്‍പ്പ് സേവ് ലൈഫ്' എന്ന ചാരിറ്റി സംഘടന തുടങ്ങുന്നത്. അമേരിക്കയിലുടെനീളം സന്മനസ്സുള്ള മുന്നൂറോളം അംഗങ്ങളാണ് 'Lend a hand to mend a life' എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പതിനാറാം വയസിലേക്കു കടക്കുന്ന ഈ ചാരിറ്റി സംഘടനയുടെ കരുത്തും സഹായ ഹസ്തങ്ങളും. കരുണയുടെ കനിവുതേടി മറുനാട്ടിൽ നിന്നെത്തുന്ന അപേക്ഷകൾക്കു സഹായമെത്തിക്കുവാൻ അംഗങ്ങൾ തന്നെ മാസം തോറും നിശ്ചിത തുക സ്വരൂപിക്കുകയാണ് ചെയ്യുന്നത്.

 

 

നേരിട്ടോ സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന അപേക്ഷകളുടെ അര്‍ഹത പരിഗണിച്ചാണ് സഹായം നൽകുക. ഓരോമാസവും അഞ്ച്‌ അപേക്ഷകൾക്കു ഇത്തരത്തിൽ ഇപ്പോൾ സഹായം നൽകി വരുന്നു. 2001 മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളുടേയും മാസം തോറും അംഗങ്ങൾ നൽകുന്ന സംഭാവനകളുടേയും, നൽകിയ സേവനങ്ങളുടെയും വിശദ വിവരങ്ങൾ സംഘടയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ചുരുക്കത്തിൽ ആർക്കും അപേക്ഷകൾ നൽകാം, ആർക്കും സഹായഹസ്തവുമാകാം . മുഖ്യമായും ഓൺലൈൻ വഴി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ചാരിറ്റി ഓർഗനൈസേഷൻറെ പ്രവർത്തനം ഇത്തരത്തിൽ വളരെ സുതാര്യമാണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ (501)(c)3 അംഗീകാരം ലഭിച്ച ഈ കൂട്ടായ്മായിലേക്കുള്ള ധനസഹായങ്ങൾക്ക് നികുതിയിളവും ലഭിക്കും. അവശത അനുഭവിക്കുന്ന നാനൂറിൽ പരം നിര്‍ധന കുടുംബങ്ങള്‍ക്കായി നാലര ലക്ഷത്തോളം ഡോളറിന്റെ ( ഏകദേശം 2 കോടി 85 ലക്ഷം രൂപ ) സഹായമാണ് കഴിഞ്ഞ പതിനഞ്ചു വർഷത്തിനകം സംഘടന നല്‍കി കഴിഞ്ഞത്.

 

 

രണ്ടര ലക്ഷം രൂപയ്ക്കു മുകളിൽ പ്രതിമാസം സഹായമെത്തിക്കാന്‍ കഴിയുന്ന രീതിയിൽ നടത്തുന്ന ഈ പ്രസ്‌ഥാനത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾ സുത്യർഹവും മാതൃകാപരവുമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ എന്നിവയും വിദ്യാഭ്യാസ സഹായവും ഇതിൽ ഉള്‍പ്പെടുന്നു. ഇതു കൂടാതെ സ്‌കൂൾ കുട്ടികളെ പഠനത്തിനു സഹായിക്കുവാൻ "സ്പോൺസർ എ സ്റ്റുഡന്റ്' എന്ന പരിപാടി അഞ്ചുവർഷം മുമ്പ് തുടങ്ങി. അൻപതോളം കുട്ടികളെയാണ് ഇപ്പോൾ സഹായിച്ചു വരുന്നത്. ഈ പ്രോഗ്രാമിലൂടെ പ്ലസ്സ് ടു പൂർത്തിയാകുന്നതുവരെയുള്ള കുട്ടികളുടെ മുഴുവൻ പഠന ചിലവുകളും സംഘടന വഹിക്കും. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലും, കെനിയ തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിലും ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്. ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചുക്കാൻ പിടിക്കുവാൻ പ്രത്യേക പ്രവര്‍ത്തക സമിതിയുമുണ്ട്. ഈ കാരുണ്യ കൂട്ടായ്‌മയിൽ നിങ്ങക്കും പങ്കു ചേരണമോ ? സംഘടനയെപറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കൂടുതൽ അറിയുവാന്‍ www.helpsavelife.com സന്ദര്‍ശിക്കുക.

 

കൂടുതൽ വിവരങ്ങൾക്ക് സിറിൾ ചെറിയാൻ (പ്രസിഡന്റ്) 970 - 407 1529 , സോജിമോൻ ജയിംസ് (ട്രഷറര്‍): 732-939-0909

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.