You are Here : Home / USA News

മാധ്യമശ്രീ അവാർഡ് യോഗത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആശംസകൾ

Text Size  

Story Dated: Thursday, November 03, 2016 11:16 hrs UTC

ഹൂസ്റ്റൺ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാന സംരംഭമായ മാധ്യമശ്രീ പുരസ്കാരദാന സമ്മേളനത്തിന് സർവവിധ പിന്തുണയും അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് എബ്രഹാം കെ. ഈപ്പൻ അറിയിച്ചു. അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനം ഇപ്പോഴും ശൈശവാവസ്ഥയിലാണ്. മതിയായ നിലവാരം പുലർത്താതെയുള്ള പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. ഫെയ്സ്ബുക്കിൽ എഴുതുന്നവർവരെ വലിയ മാധ്യമ പ്രവർത്തകരെന്ന് നടിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശക്തമായ സാന്നിധ്യമുറപ്പിച്ച് പ്രതീക്ഷാ നിർഭരമായി വളരുന്നു. പ്രൊഫഷണലായ മാധ്യമ പ്രവർത്തകരുടെ വൻനിരയുള്ള ഈ സംഘടന ഉദാത്തമായ മാധ്യമ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു എന്ന് എബ്രഹാം ഈപ്പൻ അഭിപ്രായപ്പെട്ടു. വീണ ജോർജിനെ പോലെ പ്രശസ്തയും ജനകീയ ഇടപെടൽ നിരന്തരം നടത്തുന്നതുമായ ഒരു വ്യക്തിയെ ഈ അവാർഡിന് തിരഞ്ഞെടുത്തത് തീർത്തും ഉചിതമാണ്.

 

 

അത് സമ്മാനിക്കുമ്പോൾ മറ്റുള്ളവർക്കും പ്രചോദനമാകും. അതുപോലെ ടെക്സസിൽ ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു മാധ്യമ സമ്മേളനം നടക്കുന്നത്. നിഷ്പക്ഷവും മാന്യവുമായ മാധ്യമശീലങ്ങൾ പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഇന്ത്യ പ്രസ് ക്ലബിനും ഈ മാധ്യമശ്രീ അവാർഡ് വിതരണ സമ്മേളനത്തിനും അവാർഡ് നേടിയ വീണ ജോർജ് എംഎൽഎയ്ക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും എബ്രഹാം ഈപ്പൻ പറഞ്ഞു. അവാർഡുകളെ പറ്റി അമേരിക്കൻ മലയാളികൾക്ക് പൊതുവായ ചില ധാരണകൾ ഉണ്ട്. മിക്കവയും ഒപ്പിച്ചെടുക്കുന്ന പുരസ്കാരങ്ങളാണ്. അത്തരം അവാർഡ് സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ത്യ പ്രസ് ക്ലബ് ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരത്തിന് ഏറെ മൂല്യമുണ്ടെന്നും ഹൂസ്റ്റണിൽ ഈ സമ്മേളനം നടക്കുന്നതിൽ തങ്ങൾക്ക് പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയും ഏറ്റവും വലിയ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 1500 കുടുംബങ്ങളും മൂവായിരത്തിലേറെ അംഗങ്ങളുമുണ്ട്. എബ്രഹാം കെ. ഈപ്പന്റെ നേതൃത്വത്തിൽ അനിൽ ജനാർദ്ദനൻ (സെക്രട്ടറി), തോമസ് ചെറുകര (വൈസ് പ്രസിഡന്റ്), ജിനു തോമസ് (ട്രഷറർ), സുനിൽ മേനോൻ (ജോയിന്റ് സെക്രട്ടറി), തോമസ് സക്കറിയ (ജോയിന്റ് ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ സെക്യുലർ സംഘനയുടെ ഭാവനാ പൂർണമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വാർത്ത∙ ഡോ. ജോർജ് എം. കാക്കനാട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.