You are Here : Home / USA News

എക്യൂമെനിക്കൽ ബൈബിൾ കലോൽസവം വർണാഭം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, November 07, 2016 12:17 hrs UTC

ഫിലഡൽഫിയ∙ ചെറുപ്രായത്തിൽ കുട്ടികളിൽ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിൾ അധിഷ്ഠിതമായ അറിവും കലാമത്സരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും എങ്ങനെ നൽകാം എന്നതിന്റെ ഭാഗമായി എക്യൂമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ കുട്ടികൾക്കായി ബൈബിൾ കലോത്സവം എന്നപേരിൽ നടത്തിയ ടാലന്റ് ഫെസ്റ്റ് വളരെയധികം ജനശ്രദ്ധയാകർഷിച്ചു. വിശ്വാസപരിശീലന ക്ലാസുകളിൽ പഠിച്ച അറിവിന്റെ വെളിച്ചത്തിൽ കുട്ടികളുടെ നൈസർഗികകലാവാസനകൾ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, പ്രാർത്ഥന കളിലൂടെയും, ബൈബിൾ കഥാപാത്ര അനുകരണത്തിലൂടെയും, പ്രസംഗരൂപേണയും, ബൈബിൾ ചോദ്യോത്തരപരിപാടിയിലൂടെയും പ്രകടിപ്പിച്ച് ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് ലഭിച്ച സുവർണാവസരമായിരുന്നു അത്.

 

 

ഒക്ടോബർ 22 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ സിറോ മലബാർപള്ളി വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി വിശ്വാസതിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ച രണ്ടാമത് ബൈബിൾ കലോത്സവത്തിൽ 21 ദേവാലയങ്ങളിൽ നിന്നുള്ള 100ൽ പരം കൊച്ചുകലാകാരന്മാരും, കലാകാരികളും പങ്കെടുത്തു. പ്രീ കെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവരുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായി ബൈബിൾ ക്വിസ് മുതൽ വാട്ടർകളർ പെയിന്റിങ് വരെയുള്ള വിവിധ മൽസരങ്ങൾ ഉണ്ടായിരുന്നു. 7 സ്റ്റേജുകളിലായി ക്രമീകരിച്ച മൽസരങ്ങളിൽ വ്യക്തിഗതവിഭാഗത്തിൽ പ്രസംഗം, ഗാനാലാപനം, പെയിന്റിങ് (വാട്ടർ കളർ, പെൻസിൽ ഡ്രോയിങ്) എന്നിവയും, ഗ്രൂപ് വിഭാഗത്തിൽ ബൈബിൾ ക്വിസ്, സോങ് എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

 

 

ഗ്രേഡ് ലവൽ അനുസരിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് വളരെ ശാസ്ത്രീയമായി ക്രമപ്പെടുത്തിയ ടാലന്റ് ഫെസ്റ്റിൽ നിരവധി കുട്ടികൾ പങ്കെടുത്ത് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിച്ചു. സ്റ്റേജിതര മൽസരങ്ങളായ കളറിംഗ്, പെയിന്റിങ്, പെൻസിൽ സ്കെച്ചിങ് എന്നിവയിൽ ക്രയോൺസും, കളർ പെൻസിലും, വാട്ടർകളറും ഉപയോഗിച്ച് കൊച്ച് ആർട്ടിസ്റ്റുകൾ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ കുട്ടികളുടെ പ്രായത്തിൽ കവിഞ്ഞ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. മൽസരത്തിൽ വിജയിച്ച എല്ലാവർക്കും സമ്മാനങ്ങൾ ലഭിച്ചു ബിനു ജോസഫ് പ്രോഗ്രാം കോർഡിനേറ്ററും, ജോസ് തോമസ്, ബിജി ജോസഫ്, മെർലിൻ മേരി അഗസ്റ്റിൻ എന്നിവർ കോർഡിനേറ്റർമാരുമായി ക്രമീകരിച്ച മത്സരങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെ നീണ്ടു.

 

 

കഴിഞ്ഞ വർഷവും, ഈ വർഷവും ബൈബിൾ കലോത്സവം ഭംഗിയായും, ചിട്ടയായും കോർഡിനേറ്റു ചെയ്ത ജോസ് തോമസിനും, മെർലിനും എക്യൂമെനിക്കൽ ഫെല്ലോഷിപ് എക്സിക്യൂട്ടീവ് കമ്മിറ്റി വിശേഷാൽ പ്ലാക്ക് നൽകി അനുമോദിച്ചു. എക്യൂമെനിക്കൽ ഫെല്ലോഷിപ് ചെയർമാൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്പള്ളി വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, കോ-ചെയർമാൻ സെന്റ് ജൂഡ് സിറോമലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, സെക്രട്ടറി മാത്യു സാമുവേൽ, ജോ. സെക്രട്ടറി കോശി വർഗീസ്, ട്രഷറർ ബിജി ജോസഫ് എന്നിവർ മത്സരങ്ങൾ ചിട്ടയായി ക്രമീകരിക്കുന്നതിനു സഹായികളായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.