You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് കൊളംബോയിൽ തിരശീല ഉയരുന്നു

Text Size  

Story Dated: Thursday, November 10, 2016 11:51 hrs UTC

കൊളംബോ∙ അഖില ലോക മലയാളികളെ ഐക്യ ചരടിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പത്താം ഗ്ലോബൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിലാണ് നവംബർ 10 മുതൽ 12 വരെ മലയാളത്തനിമയുള്ള കോൺഫറൻസ് അരങ്ങേറുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകൾ എത്തിയിട്ടുണ്ട ്. പാർലമെന്റ് അംഗമായ റിച്ചാൾഡ് ഹെ ആണ് മുഖ്യാതിഥി. ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം ബിസിനസ് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധികളും ശ്രീലങ്കയിലെ മലയാളികളും സംബന്ധിക്കുന്നു.

 

നാളെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഗോപാലപിള്ളയും (യുഎസ്എ) ജനറൽ കൺവീനർ മാത്യു ജേക്കബും (ജർമനി) അറിയിച്ചു. ഇലക്ഷൻ നടപടികൾക്ക് മുതിർന്ന നേതാവ് ആൻഡ്രൂപാപ്പച്ചൻ (ചീഫ് എൻ.ഇ.സി) നിരീക്ഷകനായിരിക്കും. ലോകമലയാളികളെ സ്നേഹത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും ഐക്യച്ചരടിൽ ഉറപ്പിക്കുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ള വേൾഡ് മലയാളി കൗൺസിൽ, നേതൃനിശ്ചയത്തിന്റെ സാന്നിദ്ധ്യം അറിയിക്കുകയാണ്. കൊളംബോയിൽ നമ്മൾ, മലയാള മനസ്സുകൾ ഒത്തു ചേർന്ന് അണിനിരക്കുമ്പോൾ ഇത് മറ്റൊരു കേരളമാണോ എന്ന് തോന്നിപ്പോകും. ഈ അതുല്യ സംഘടനയുടെ പ്രതിജ്ഞയും പ്രാർത്ഥനയും എത്രമേൽ വിവരിച്ചാലും മതിവരുകയില്ല. വേൾഡ് മലയാളി കൗൺസിൽ എന്ന പ്രസ്ഥാനം, പ്രവാസികളായ നമ്മുടെ സ്നേഹസമീപനചിന്തയുടെ ദീപമായി രൂപം കൊണ്ടിട്ടുള്ളതാണ്.

 

 

ഒരുപാട് ജീവകാരുണ്യ പ്രവർത്തനപഥങ്ങളിലൂടെ നാട്ടിലേയും നാട്ടറിവിന്റെയും പതാക വഹിക്കുകയാണ് നമ്മൾ. അങ്ങനെ വേൾഡ് മലയാളി കൗൺസിൽ എന്ന മഹാപ്രസ്ഥാനം ലോക മലയാളികളെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും ചരടിൽ കോർത്തിണക്കുകയാണ.് ഓരോ മലയാളിയും നാടു വിട്ടു പോകുമ്പോൾ, ജീവസന്ധാരണാർത്ഥം പ്രവാസഭൂമിയിലേക്ക് കടന്നു കയറുമ്പോൾ ഇവിടെ സ്വപ്നം അവശേഷിപ്പിച്ചിട്ടാണ് ടിക്കറ്റെടുക്കുന്നത്. എത്തിയ നാട്ടിൽ ജോലി വിയർപ്പാക്കി പണിയെടുക്കുമ്പോൾ ഒരിക്കലും മറക്കില്ല നാടിനെയും നന്മകളെയും. വേൾഡ് മലയാളി കൗൺസിലിന്റെ ബാനറിൽ നമ്മൾ കൊളംബോയിൽ ഒത്തു ചേരുമ്പോൾ ഷേക് ഹാൻഡ് നൽകി ചിന്തകൾ പങ്കു വയ്കാം. വെളിച്ചത്തിന്റെ നന്മ ചെരാതുകൾ കൊളുത്താം. ഇപ്രകാരം പറയുവാൻ എന്ന പ്രേരിപ്പിച്ച ഘടകങ്ങൾ ഒരുപാടുണ്ട്. പ്രവാസ ജീവിതത്തിന്റെ നന്മ കുരുക്കുകൾ പേറുമ്പോഴും നാടിനെയും നാട്ടാരെയും ഓർക്കാതെ ഉറങ്ങാൻ പറ്റുന്നില്ല.

 

 

കാരണം നമ്മുടെ വേരുകൾ അവിടെയാണ്. ഒരു സ്വപ്നത്തിൽ ഞെട്ടിയുണരുമ്പോൾ കാഴ്ചയുട പ്രതലത്തിൽ നമ്മുടെ അച്ഛനും അമ്മയും സഹോദരീ സഹോദരന്മാരും, പ്രിയപ്പെട്ട കൂട്ടുകാരും ഉണ്ടായിരിക്കും. അവരെയൊക്കെ വിട്ട് ജീവിക്കുമ്പോഴാണ്, പ്രവർത്തിക്കുമ്പോഴാണ്, സ്നേഹിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം ധനധന്യമാകുന്നത്. ദുഃഖവും സ്നേഹവും പങ്കുവയ്ക്കാൻ ഈ വേദി നമ്മളെ അനുഗ്രഹിക്കട്ടെ. മലയാളികൾ ഏതു രാജ്യത്തിൽ ചെന്നാൽ അവിടെ തങ്ങളുടേതായ സ്വർഗതുല്യമായ സാമ്രാജ്യം കെട്ടിപ്പടുക്കും. അത് അവരുടെ കർമശേഷിയുടെ പ്രതിഫലനമാണ്. സമന്വയത്തിന്റെ വിചാരമാണ്. ഈ തലത്തിൽ നിന്നു വേണം കൊളംബോ കൺവൻഷനെ നോക്കിക്കാണുവാൻ. കേരളത്തിന്റെ തൊട്ടടുത്തുള്ള ഈ കുഞ്ഞ് ദ്വീപിലേക്ക് മലയാളി മനസ്സുകൾ പൊട്ടുകുത്തിയെത്തുന്നു.

 

 

കേരളം അതിന്റെ 60-ാംപിറന്നാൾ ആഘോഷിച്ച് പൂത്തുലഞ്ഞ് നിൽക്കുന്ന സമയത്ത് ഒരുപാട് ചിന്തിക്കുവാനും ആശങ്കപ്പെടുവാനും ഈ കൂട്ടായ്മ സാക്ഷ്യം വഹിക്കും. മലയാളി എവിടെയും മലയാളി തന്നെയാണ്. കർമഭൂമയുടെ സ്വാധീനങ്ങൾ അവരിൽ എത്രമേൽ ചെലുത്തിയാലും വിട്ടുവീഴ്ചയ്ക്ക് ഉടമ്പടി വയ്ക്കില്ല നമ്മൾ. വേൾഡ് മലയാളി കൗൺസിൽ മുന്നോട്ടു വയ്ക്കുന്ന ചിന്തയുടെ ദീപനാളങ്ങൾ തെളിയുമ്പോൾ ഓർക്കണം പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചെടുത്ത കേരളക്കരയുടെ മഹത്വം. നമ്മൾ ഇവിടെ ഒത്തു കൂടുമ്പോൾ ചർച്ചാവിഷയമാവേണ്ട ഒരുപിടി സംഗതികളുണ്ട ്. കേരളം വളരുകയാണ്. തളർച്ചയിലേക്ക് നയിക്കുന്ന വിഷയങ്ങൾ എല്ലാവരേയും അലോസരപ്പെടുത്തുന്നു. അതിന്റെ നാൾവഴി കണക്കുകൾ ബോധ്യപ്പെടുത്താൻ ഒത്തുകൂടിയിട്ടുള്ള പ്രിയ സ്നേഹിതർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുവാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

 

ഈ പ്രസ്ഥാനം നമ്മെ ലോക സീമകളിലേക്ക് പാലം തീർത്തയക്കട്ടെ. ശ്രീരാമൻ സീതയെ വീണ്ടെടുത്ത ഈ നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഒരു സേതുബന്ധനം തീർക്കുകയാണ് വേൾഡ് മലയാളി കൗൺസിൽ. അണ്ണാറക്കണ്ണനും തന്നാലായതു പോലെ മലയാളി മനസ്സുകൾ ഒത്തൊരുമിച്ച് സ്നേഹത്തിന്റെയും സമന്വയത്തിന്റെയും കൃപയുടെയും പ്രതിജ്ഞ പുതുക്കുകയാണിവിടെ. വാർത്ത∙ഡോ. ജോർജ് എം കാക്കനാട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.