You are Here : Home / USA News

ഹാലോവിന്‍ ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം

Text Size  

Story Dated: Friday, November 11, 2016 12:47 hrs UTC

ബാള്‍ട്ടിമൂര്‍: എണ്‍പതില്‍പ്പരം കുട്ടികള്‍ സകല പുണ്യവാളന്മാരുടേയും മാലാഖമാരുടേയും വേഷത്തില്‍ അണിഞ്ഞൊരുങ്ങി മാതാപിതാക്കളോടൊപ്പം ഒക്‌ടോബര്‍ 31-നു വൈകുന്നേരം ആറു മണിക്ക് പള്ളിയങ്കണത്തില്‍ എത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് നടത്തിയ ജപമാലയില്‍ അമ്പത്തിമൂന്ന് കൊന്തമണികളെ പ്രതിനിധീകരിച്ച് വിശ്വാസികള്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഓരോ രഹസ്യങ്ങളും ചൊല്ലി ദേവാലയത്തിനുള്ളില്‍ കുരിശിന്റെ വഴി പോലെ നിരനിരയായി നീങ്ങിയ കാഴ്ച ഭക്തിനിര്‍ഭരവും മനോഹരവുമായിരുന്നു. തുടര്‍ന്ന് ഓരോ വിശുദ്ധന്മാരേയും പ്രതിനിധീകരിച്ച് കുട്ടികള്‍ മാലാഖമാരുടെ അകമ്പടിയോടെ അള്‍ത്താരയിലേക്ക് ആനയിക്കപ്പെട്ടു. അതുപോലെ പരിശുദ്ധ കന്യാമറിയം, ഔസേഫ് പിതാവ്, മാര്‍ത്തോമാശ്ശീഹാ, വേളാങ്കണ്ണി മാതാവ് എന്നിവരെ പ്രതിനിധീകരിച്ച് മാതാപിതാക്കളും അവരോടൊപ്പം നീങ്ങി.

 

അവസാനമായി വികാരി അച്ചന്‍ ഫാ. സെബി ചിറ്റിലപ്പള്ളി ഈശോയുടെ രൂപത്തില്‍ എല്ലാവരേയും അതിശയപ്പെടുത്തിക്കൊണ്ട് അവരുടെ മധ്യത്തില്‍ പ്രത്യക്ഷനായി. അതിനുശേഷം വിശുദ്ധന്മാരും വിശുദ്ധകളും മാലാഖമാരും ഏഴു സംഘങ്ങളായി തിരിഞ്ഞ് പള്ളിയുടെ പുറത്ത് മൈതാനത്ത് തയാറാക്കിയ ഏഴു ഭവനങ്ങളിലേക്ക് പോകുകയും അവുടെ ലീഡര്‍ ഓരോ വിശുദ്ധന്മാരേയും പറ്റിയുള്ള കഥകള്‍ പറഞ്ഞുകൊടുത്തു. സാധാരണയായി അമേരിക്കയില്‍ ഹാലോവിന്‍ ആഘോഷം സന്ധ്യാ സമയത്ത് മൃഗങ്ങളുടേയും പിശാചുക്കളുടേയും വേഷങ്ങള്‍ ധരിച്ച് വീടുകള്‍ കയറിയുള്ള ആഘോഷങ്ങള്‍ക്കു പകരം പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം നടത്തപ്പെട്ട "ഹോളിവിന്‍' ആഘോഷങ്ങള്‍ ബഹുമാനപ്പെട്ട സെബിയച്ചന്‍, അല്‍ഫോന്‍സാ മഹിളാ സംഘം, ജീസസ് യൂത്ത്, സി.സി.ഡി അധ്യാപകര്‍, പള്ളി ട്രസ്റ്റികള്‍, പാരീഷ് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വളരെ വിജയകരമായി നടത്തി. ജോസ് ഞരളക്കാട്ട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.