You are Here : Home / USA News

ഹാൽട്ടൺ മലയാളീസ് വക കേരളത്തിന് ‘സ്വീറ്റ് സിക്സറ്റി’

Text Size  

Story Dated: Monday, November 14, 2016 12:42 hrs UTC

ബർലിങ്ടൺ∙ കാനഡയിലെ ബർലിങ്ടൺ പട്ടണത്തെ കേരളപ്പിറവിക്ക് പതിവായി കസവണിയിപ്പിക്കാറുള്ള ഹാൽട്ടൺ മലയാളീസ് അസോസിയേഷൻ ഇക്കുറി സമർപ്പിച്ചത് നാടിന്റെ സ്വന്തം കലാരൂപങ്ങൾ. അറുപതിന്റെ നിറവിലെത്തിയ കേരളത്തിനായി കളരിപ്പയറ്റും കഥകളിയുമെല്ലാംകൂടി ചേർന്ന് അസോസിയേഷൻ ഒരുക്കിയത് ‘സ്വീറ്റ് സിക്സറ്റി’ ആഘോഷം. കേരളപ്പിറവി ആഘോഷത്തിനു തിരശീല ഉയർന്നതുതന്നെ ഇടയ്ക്കയുടെ നാദത്തോടെയാണ്. നൃത്തച്ചുവടകളുമായി കുട്ടികൾ എത്തിയതിനു പിന്നാലെ കളരിപ്പയറ്റും കോർപ്പസ് ക്രിസ്റ്റി സെക്കൻഡറി സ്കൂളിലെ വേദിയിൽ പൊടിപൊടിച്ചു. പിന്നാലെ വേലകളി, അതുംകഴിഞ്ഞ് കഥകളി. കലാരൂപങ്ങളുടെ കൊട്ടിക്കലാശമായി ചെണ്ടമേളവും കൊട്ടിക്കയറുന്നതാണ് പിന്നെ കാണാനായത്. എല്ലാംകൂടി പഴയതലമുറയെ കൂട്ടിക്കൊണ്ടുപോയത് നാടിന്റെ കലാ-സംസ്കാരിക പാരമ്പര്യത്തിലേക്കാണെങ്കിൽ പുതുതലമുറയ്ക്ക് അതു നാടിന്റെ പെരുമയിലേക്കുള്ള യാത്രയായി.

 

 

അതിഥികളായി എത്തിയവർക്കു സമ്മാനിച്ചതാകട്ടെ കേരളീയ കലാരൂപത്തെക്കുറിച്ചുള്ള പുത്തനറിവുകളും. ഹാൽട്ടൺ മേഖലയിലെ മലയാളിക്കൂട്ടായ്മയുടെ ഉൽസവത്തിൽ പങ്കെടുക്കാനെത്തിയ ബർലിങ്ടൺ മേയർ റിക്ക് ഗോൾഡ്റിങ് ‘നമസ്കാരം’ പറഞ്ഞുതുടങ്ങി സദസിനെ കയ്യിലെടുത്തതിനുപിന്നാലെ ‘നന്ദി’ പറഞ്ഞ് അവസാനിപ്പിച്ചും കയ്യടിവാങ്ങി. മേയർ റിക്ക് ഗോൾഡിങ്ങിനൊപ്പം ചലച്ചിത്രതാരം മാതുവും പ്രസിഡന്റ് ബിൻസ് മണ്ഡപവും മറ്റു ഭാരവാഹികഴും ഭദ്രദീപം തെളിയിച്ചു. മാതുവിന്റെ കുച്ചിപ്പുടിയായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷത്തിലെ പ്രധാന കലാവിരുന്നുകളിലൊന്ന്. സംഗീതലോകത്തിനു കേരളത്തിന്റെ സംഭാവനയായ എം. എസ്. വിശ്വനാഥന് പ്രണാമമർപ്പിച്ചുകൊണ്ടുള്ള കുരുന്നു സംഗീതപ്രതിഭതളുടെ ഗാനാർച്ചനയും ശ്രദ്ധേയമായി. കാർത്തിക് രാമലിംഗമാണ് ഒരുപറ്റം കുട്ടിപ്പാട്ടുകാരുമായി എത്തി ‘അതിശയരാഗം ആനന്ദരാഗം അഴകിയരാഗം അപൂർവരാഗം…’, ‘ഹൃദയവാഹിനി ഒഴുകുന്നു നീ മധുരസ്നേഹതരംഗണിയായി…’ ഉൾപ്പെടെയുള്ള പഴയ ഗാനങ്ങളുമായി ഒരുക്കിയത് രാഗമഴയുടെ നവ്യാനുഭൂതി. സെമി ക്ളാസിക്കൽ നൃത്തങ്ങളും മ്യൂസിക് മെഡ്ലെയും ബോളിവുഡ് ഡാൻസും സ്കിറ്റുകളും കേരളീയവിഭവങ്ങളടങ്ങിയ അത്താഴവുമെല്ലാമായി ഹാൽട്ടൺ മലയാളീസ് അസോസിയേഷൻ ഒരുക്കിയത് നാട്ടിലെ ഉൽസവത്തിന്റെ ഒരു രാവ്. കേരളപ്പിറവി ആഘോഷങ്ങൾപോലെതന്നെ പ്രശസ്തമാണ് ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ മലയാളം ക്ളാസുകളും മൽസരങ്ങളും. അസോസിയേഷന്റെ മലയാളം ക്ളാസിൽ പഠിക്കുന്നവരിൽ നിന്ന് ശ്രീപ്രിയ നമ്പീശൻ (ജൂനിയർ), റിതിക് ശ്രീകുമാർ, ഷെറിൽ ഷാഹുൽ (സീനിയർ) എന്നിവർക്ക് മികവിനുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രസംഗമൽസരത്തിൽ ക്ളൈവ് ജെറി (ജൂനിയർ), എലെയ്ൻ ബെന്നി (സീനിയർ), ഗാനമൽസരത്തിൽ ആഞ്ജല ബിൻസ് (ജൂനിയർ), വരുൺ പിള്ള (സീനിയർ), ചിത്രരചനയിൽ മനു ദീലീപ് (ജെകെ, എസ് കെ), എലിസ ബെന്നി (ജൂനിയർ), നന്ദ ദിലീപ് (സീനിയർ) എന്നിവരും സമ്മാനർഹരായി. മുഖ്യസ്പോൺസർ മനോജ് കരാത്തയ്ക്ക് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് ബിൻസ് മണ്ഡപം, സെക്രട്ടറി ശിവ ചാക്കോളി, ട്രഷറർ സജീവ് കോടോത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. വാർത്ത∙ വിൻജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.