You are Here : Home / USA News

പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 15, 2016 11:43 hrs UTC

ചിക്കാഗോ. .മാനവ ഹൃദയത്തില്‍ തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന ദീപാവലി ആഘോഷം, ഈ കുറി വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരയണ ശര്‍മ്മയുടെ നേതൃത്വത്തില്‍ മഹാവിഷ്ണുവിന് പുരുഷസൂക്ത പൂജയും മഹാലക്ഷ്മിക്കു ശ്രീസൂക്ത പൂജയും അര്‍പ്പിച്ച ശേഷം, നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് മണ്‍വിളക്കുകള്‍ തെളിച്ചും, രംഗോളി ഒരുക്കിയും,ഡാണ്ഡിയ നൃത്തം വെച്ചും, മധുര പലഹാരങ്ങള്‍ പങ്കുവെച്ചും, പടക്കം പൊട്ടിച്ചുമാ ണ് ഈ വര്‍ഷത്തെ ദീപാവലി ഗീതാ മണ്ഡലം ആഘോഷിച്ചത്. പല വര്ണളങ്ങളിലും ദീപങ്ങളിലുമുള്ള രംഗോലികള്‍ വീടിനു മുന്നിലിടുന്നത് ഐശ്വര്യദായമാണെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ആദ്യമായി മലയാളീ സമൂഹത്തില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന രംഗോളി (പല നിറക്കൂട്ടുകള്‍ കൊണ്ടുള്ള കോലങ്ങള്‍) മത്സരം കാണുവാനും മത്സരത്തില്‍ പങ്കെടുക്കുവാനും ലഭിച്ച അവസരം ചിക്കാഗോയിലെ ഭാരതീയ സമൂഹം രണ്ടുകൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണ് കാണുവാന്‍ സാധിച്ചത്.

 

 

ഓണത്തിന് പൂക്കളമിടുന്നതിനോട് സാമ്യമുള്ള ആചാരമായ രംഗോലിയിടാന്‍ വിവിധ വര്‍ണങ്ങളിലെ പൊടികളാണ് ഉപയോഗിച്ചത്. ഈ വര്‍ഷത്തെ രംഗോളിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍, പൂക്കളുടെ ഡിസൈനുകള്‍, ഓം, സ്വസ്തിക് തുടങ്ങി വിവിധ തരത്തിലുള്ള ഡിസൈനുകള്‍ പ്രായഭേദമന്യേ വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കി. രംഗോളിയിട്ട് ചിരാതുകളില്‍ തിരി കൊളുത്തി വച്ചാല്‍ സര്‍വഐശ്വര്യങ്ങളും ലഭിക്കുമെന്നതാണ് വിശ്വാസം. തുടര്‍ന്ന് നടന്ന പ്രതേക ദീപാവലി വിഭവങ്ങളാല്‍ സമൃദ്ധമായ സദ്യക്ക് ശേഷം രാത്രി വൈകുവോളം കുട്ടികളും മുതിര്‍ന്നവരും ഡാണ്ടിയ നൃത്തത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പൂത്തിരിയും, കമ്പിത്തിരിയും, മത്താപ്പും, ചക്രവും, കളര്‍ കാന്‍ഡിലും കത്തിച്ച് ഈ വര്‍ഷത്തെ ദീപാവലി ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവമായി തീര്‍ത്തു. തിന്‍മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്ന ദീപാവലി പോലുള്ള ഉത്സവങ്ങള്‍, ഭാരതീയ സംസ്കാരത്തിന്റെ കാതലാണ്, അതുപോലെ ഓരോ നന്മയുടെ മണ്‍ചെരാത് കൊളുത്തിവയ്ക്കുമ്പോഴും "തമസ്സോമാ ജ്യോതിര്‍മയ' എന്ന ആശയം ആണ് അര്‍ത്ഥവത്താക്കുന്നത് എന്ന് രംഗോളി മത്സരം നടത്താന്‍ ചുക്കാന്‍ പിടിച്ച ശ്രീകല കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. 2016 ദീപാവലി ആഘോഷം ഒരു വന്‍ വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഇതില്‍ സഹകരിച്ച എല്ലാ നല്ലവരായ ചിക്കാഗോ ഹൈന്ദവ കുടുംബാംഗങ്ങള്‍ക്കും ഹാനോവര്‍ പാര്‍ക്ക് വില്ലേജിനും ജനറല്‍ സെക്രട്ടറി ശ്രീ ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. രംഗോളി മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനവും നല്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.