You are Here : Home / USA News

പ്രവാസികളും ഭാരതാംബയുടെ മക്കൾ തന്നെ : ഫോമാ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, November 16, 2016 09:39 hrs UTC

ചിക്കാഗോ: കള്ളപ്പണവും പണപ്പെരുപ്പവും തടയുന്നതിനായി 2000 രൂപാ നോട്ട് ഇറക്കി, 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് നടപ്പിലാക്കിയ മോഡി സർക്കാരിന്റെ ഭരണ പരിഷ്ക്കാരത്തിൽ, നാട്ടിലുള്ളവരെ പോലെ പ്രവാസികളും നട്ടം തിരിയുന്നു. കുറച്ചു കാലത്തേക്കു ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിർത്താനാകുമെന്നത് ജനങ്ങളെ ഭരണ പരിഷ്ക്കാരത്തോട് പരമാവധി സഹകരിക്കുവാൻ പ്രേരിപ്പിക്കുന്നു.

പക്ഷെ കോടിക്കണക്കിനു വിദേശനാണ്യം ഇന്ത്യയിലേക്ക് എത്തിക്കുന്ന, ഒരു പക്ഷെ ഇന്ത്യയുടെ സാമ്പത്തിക ശ്രോതസ് ഉയർത്തുന്നതിൽ വലിയൊരു പങ്കു വഹിക്കുന്ന പ്രവാസികളുടെ കാര്യം ഒരു പക്ഷെ സർക്കാർ വിട്ടു പോയി എന്നു വേണം കരുതാൻ. ഗൾഫ് മേഖലയിൽ നിന്നും വിത്യസ്തമായി 18 മുതൽ 40 (സ്റ്റോപ്പ് ഓവർ ഉൾപ്പടെ) മണിക്കൂറുകൾ യാത്ര ചെയ്തു നാടു സന്ദർശിക്കുന്ന പ്രവാസികളുടെ കൈയ്യിലുള്ള 500-ന്റെയും, 1000 -ന്റെയും നോട്ടുകൾ മാറ്റി നൽകുവാൻ ഫലപ്രദമായ ഒരു പോംവഴി കണ്ടു പിടിക്കാനായില്ല എന്നുള്ളത്, പ്രവാസികൾക്ക് സർക്കാർ എത്ര മാത്രം വില കൽപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

പ്രവാസി പ്രശ്നങ്ങളിൽ എന്നും പ്രവാസികളുടെ ശബ്ദമായി പ്രവർത്തിച്ചിട്ടുള്ള ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്), ഈ വിഷയത്തിലും പ്രവാസികൾക്ക് വേണ്ടി വാദിക്കുകയാണ്. ഫോമാ പോലുള്ള ദേശീയ സംഘടന ഈ വിഷയത്തിൽ ശക്തമായ ഇടപെടുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫിസിനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്ത് നൽകി.

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറിനും, ചിക്കാഗോയിലെ കോൺസിലേറ്റ് ജനറലിനും അദ്ദേഹം നിവേദനം നൽകും. നാട്ടിലുള്ളവർ പോലെ തന്നെ, പ്രവാസികളായ ഇന്ത്യാക്കാരും ഭാരതാംബയുടെ മക്കളാണെന്ന് അദ്ദേഹം ഓർപ്പിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഒരു ഫലപ്രദമായ പരിഹാരം കൊണ്ടു വരണ്ടത് ഏറ്റവും അത്യാപേക്ഷിതമാണെന്ന് ബെന്നി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ വഴിയായി ഇന്ത്യൻ രൂപ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ബെന്നിയും സംഘവും കത്തുകളിലൂടെ അഭ്യർത്ഥിച്ചു.

ബെന്നിയോടൊപ്പം സെക്രട്ടറി ജിബി തോമസ്, ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോയിന്റ് ട്രഷറാർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവർ ഫോമായുടെ നേതൃനിരയിൽ, ജനസേവകരായി ഉണ്ട്.

 

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.