You are Here : Home / USA News

ജോർജ് മറഗോസിനു മലയാളി സമൂഹത്തിന്റെ ഫണ്ട് ശേഖരണം

Text Size  

Story Dated: Thursday, November 17, 2016 11:45 hrs UTC

ന്യുയോർക്ക് ∙ നാസോ കൗണ്ടി കംട്രോളർ ജോർജ് മറഗോസ് 2017 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കൗണ്ടി എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി കൗണ്ടിയിലെ ഏതാനും മലയാളി സുഹൃത്തുക്കൾ ഫണ്ട് റെയ്സിങ് ഡിന്നർ നടത്തി. കഴിഞ്ഞ ദിവസം ജെറിക്കോയിലുളള കോൺഡിലോൺ ഹോട്ടലിൽ നടത്തിയ ഡിന്നർ പരിപാടിക്ക് നാസോ കൗണ്ടി മൈനോറിറ്റി അഫയേഴ്സ് അഡ്വൈസറി കമ്മിറ്റി അംഗവും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജോസ് ജേക്കബ് തെക്കേടം നേതൃത്വം നൽകി.

 

വിവിധ മലയാളി സംഘടനകളിലും ബിസിനസ് രംഗങ്ങളിലും പ്രവർത്തിക്കുന്ന ഏകദേശം അൻപതിൽപരം സുഹൃത്തുക്കൾ ജോർജ് മറഗോസിനുളള പിന്തുണ പ്രഖ്യാപിച്ച് നല്ല തുക തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തു. നാസോ കൗണ്ടിയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ച് ശ്രദ്ധേയനായ കംട്രോളർ മറഗോസ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായിരുന്നെങ്കിലും പാർട്ടിയുടെ അഴിമതി ഭരണത്തിൽ മനം മടുത്ത് ഏതാനും മാസം മുമ്പ് ഡെമോക്രാറ്റ് പാർട്ടിയിൽ ചേർന്ന് അംഗത്വമെടുത്തി രുന്നു. മലയാളി സമൂഹം ക്രമീകരിച്ച ഫണ്ട് റെയ്സിംഗ് ഡിന്നറിൽ സന്തുഷ്ടനായ മറഗോസ് മൈനോറിറ്റി കമ്മ്യൂണിറ്റിയിൽപ്പെട്ട ഇൻഡ്യാക്കാരും പ്രത്യേകിച്ച് മലയാളി സമൂഹവും എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്ത ണമെന്ന് അഭ്യർത്ഥിച്ചു.

 

കൗണ്ടിയിലെ ജനസംഖ്യയിൽ മൈനോറിറ്റി സമൂഹം ഇപ്പോൾ 35 ശതമാനത്തിൽ അധികമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ വളർച്ച ഒരു ശതമാനത്തിൽ നിന്നും എട്ട് ശതമാനമായി. കൗണ്ടിയിലുളള വിവിധ കരാറടിസ്ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസുകാർക്കും വനിതാ നിയന്ത്രിത ബിസിനസ് സംരംഭകർക്കും സബ് കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസോ കൗണ്ടി നിയമ സംഹിതയിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആന്റ് വിമൻ– ഓൺഡ് ബിസിനസ് എംപവർമെന്റ്(MWBE) പ്രോഗ്രാം. കൗണ്ടി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗണ്ടിയിലുളള എല്ലാ കരാർ ജോലികളുടെയും പുനഃപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ഓഡിറ്റ് ചെയ്ത് പണം നൽകുന്നതും കംട്രോളറുടെ ഓഫിസ് വഴിയാണ്. പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗണ്ടിയിലെ എല്ലാ കരാർ അടിസ്ഥാന ജോലികളെപ്പറ്റിയുളള വിവരങ്ങൾ ഇത്തരക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും കരാറുകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കംട്രോളർ ജോർജ് മറഗോസ് പ്രത്യേക താൽപര്യമെടുത്ത് രൂപീകരിച്ച ഉപദേശക സമിതിയിൽ മലയാളികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് ജോസ് ജേക്കബിനെ കമ്മിറ്റി അംഗമായി നിയമിച്ചത്. നാസോ കൗണ്ടിയിലുളള എല്ലാ സമൂഹത്തിന്റെയും ഉന്നമനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കണമെന്ന നല്ല ഉദ്ദേശത്തോടും ആഗ്രഹത്തോടും കൂടിയാണ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് തീരുമാനിച്ചത്.

 

 

കൗണ്ടിയിൽ ഇപ്പോൾ നടക്കുന്ന അഴിമതിയും ധനദുർവിനിയോഗവും നിർത്തലാക്കുന്നതിനും ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനും വിവിധ ബിസിനസ് സംരംഭങ്ങൾ വർദ്ധിപ്പിക്കുന്നതിനും പ്രോപ്പർട്ടി ടാക്സുകൾ ക്രമാനുഗതമായി കുറയ്ക്കുന്നതിനും ധാരാളം പദ്ധതികളാണ് തന്റെ മനസ്സിലുളളത്. തന്റെ എംബിഎ വിദ്യാഭ്യാസവും വിവിധ സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ കൺട്രോളറായി പ്രവർത്തി പരിചയവും സ്വന്തമായി നടത്തിയിട്ടുളള ബിസിനസിലെ വിജയവും അതിലുപരി കൗണ്ടി കംട്രോളർ പദവിയിലുളള ഏഴു വർഷത്തെ പരിചയവും പിൻതുണ ഉളളതിനാൽ കൗണ്ടി എക്സിക്യൂട്ടീവ് ആയാൽ ഈ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉളളതായി അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങളുടെ ആരോഗ്യ മേഖല മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ– ഗതാഗത– തൊഴിൽ മേഖലകളിൽ പുരോഗമനം വരുത്തിയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയും കൂടുതൽ അന്തേവാസികളെ നാസോ കൗണ്ടിയിലേക്ക് ആകർഷിക്കണമെന്നാണ് ആഗ്രഹം. കൗണ്ടി എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ സമയ ബന്ധിതമായി ഇവയെല്ലാം നടപ്പിലാക്കുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മറഗോസ് പ്രസ്താവിച്ചു. അതിന് എല്ലാ മലയാളികളുടെയും പിൻതുണയും സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു. പാസ്റ്റർ ബെന്നി ജോസഫ്, ഡോ. തോമസ് മാത്യു, കോശി ഉമ്മൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ജോസ് ജേക്കബ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

വാർത്ത ∙ മാത്യുകുട്ടി ഈശോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.