You are Here : Home / USA News

പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം യാഥാർഥ്യമാക്കും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 22, 2016 11:55 hrs UTC

ഹൂസ്റ്റൺ ∙ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉളളതും, ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നു പോകുന്ന ശബരിമലയുടെ ആസ്ഥാനവുമായ പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം എന്ന ചിരകാല സ്വപ്നം 5 വർഷത്തിനുളളിൽ യാഥാർത്ഥ്യമാകുന്നതിന് അക്ഷീണം പരിശ്രമിയ്ക്കുമെന്ന് വീണാ ജോർജ് എംഎൽഎ. ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമാംവിധം ഒരു വിമാനത്താവളം അനുവദിയ്ക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത അനുകൂല നിലപാടുകൾ വീണാ ജോർജ് സദസ്യരുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിലെ മറ്റു എംഎൽഎമാരുമായി കൂടിയാലോജിച്ച് വേണ്ടത് ചെയ്യാമെന്ന് വീണാ ജോർജ് ഉറപ്പ് നൽകി.

 

ജില്ലാതിർത്തിയിലുളള ഏരുമേലി ചെറുവളളി എസ്റ്റേറ്റിനോടൊപ്പം സർക്കാർ ഉടമസ്ഥതയിലുളള യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ കോർപറേഷൻ വക കൊടുമൺ എസ്റ്റേറ്റ്, ശബരിമലയ്ക്കടുത്ത് ളാഹ എസ്റ്റേറ്റ്, കുമ്പഴയ്ക്കടുത്ത് ഹാരിസൺ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളും ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായതും പരിഗണിയ്ക്കാവുന്നതാണെന്നും ആവശ്യപ്പെട്ട് വീണാ ജോർജ് എംഎൽഎ മുഖേന കേരളാ മുഖ്യമന്ത്രിയ്ക്ക് പത്തനംതിട്ട ജില്ലാ അസോസിയേഷൻ യുഎസ്എ സമർപ്പിച്ച നിവേദനത്തിന് മറുപടി പറയുകയായിരുന്നു വീണാ ജോർജ്. ജില്ലാ അസോസിയേഷൻ സാരഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബ്ലസൻ ഹൂസ്റ്റൺ ഇത് സംബന്ധിച്ച നിവേദനം എംഎൽഎയ്ക്ക് സമർപ്പിച്ചു.ജില്ലയ്ക്ക് അഭിമാനമായ പമ്പാനദിയുടെ സംരക്ഷണത്തിന് ഊന്നൽ നൽകി ടൂറിസം രംഗത്ത് വൻ കുതിപ്പിന് ഉതകത്തക്കവണ്ണം ജില്ലയിലെ പ്രകൃതി രമണീയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു നദീ ജല സഞ്ചാരപാത ജില്ലയിൽ ഉണ്ടാകുന്നതിന് ശ്രമിയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള നിവേദനം അസോസിയേഷൻ സാരഥിയും മാധ്യമ പ്രവർത്തകനുമായ ജീമോൻ റാന്നി എംഎൽഎയ്ക്ക് സമർപ്പിച്ചു.

 

 

ഈ പദ്ധതികളിൽ മുതൽ മുടക്കുന്നതുൾപ്പെടെയുളള പൂർണ്ണസഹകരണം അമേരിക്കയിലെ പത്തനംതിട്ട പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടായിരിയ്ക്കുമെന്ന് അസോസിയേഷൻ വാഗ്ദാനം ചെയ്തു. എംഎൽഎ ആയതിനുശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ വീണാ ജോർജിന് ആവേശോജ്വലമായ സ്വീകരണമാണ് അസോസിയേഷൻ ഒരുക്കിയത്. നവംബർ 20ന് ഞായറാഴ്ച വൈകുന്നേരം 5.30ന് സ്റ്റാഫോർഡിലുളള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് സമ്മേളനം ഒരുക്കിയത്. ഈശ്വര പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് കൂടൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ പാർലമെന്റിലെ ഉജ്ജ്വലശബ്ദവും യുവ തലമുറയുടെ ആവേശവും മികച്ച വാഗ്മിയുമായ എം. ബി. രാജേഷ് എംപിയുടെ സാന്നിധ്യം കൊണ്ട് സമ്മേളനം കൂടുതൽ ശ്രദ്ധേയമായി. തുടർന്ന് നേതാക്കൾ ചേർന്ന് നിലവിളക്ക് കൊളുത്തി. എം.ബി. രാജേഷ് ജില്ലാ അസോസിയേഷന്റെ പ്രവർത്തനോദ്ഘടനം നിർവ്വഹിച്ചു. ശശിധരൻ നായർ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. സ്ഥാപക ചെയർമാൻ അലക്സാണ്ടർ തോമസ് വീണാ ജോർജ് എംഎൽഎയ്ക്ക് മൊമന്റോ നൽകി ആദരിച്ചു. സ്റ്റാഫോർഡ് സിറ്റി കൗൺസിൽ പ്രോട്ടേം മേയർ കെൻ മാത്യു, ടോം ഏബ്രഹാം അസോസിയേഷൻ സാരഥികളും ഹൂസ്റ്റണിലെ പ്രമുഖരുമായ ജോർജ് ഫിലിപ്പ്, ഡോ. ജോർജ് കാക്കനാട്, സഖറിയ കോശി, പൊന്നുപിളള, മാമ്മൻ ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി കല്ലൂർ നന്ദി പറഞ്ഞു. ശശിധരൻ നായർ, ജെയിംസ് കൂടൽ, ഡോ. ജോർജ് കാക്കനാട്ട്, ഏബ്രഹാം ഈപ്പൻ, ജോർജ് ഫിലിപ്പ്, പൊന്നുപിളള, ബ്ലസൻ ഹൂസ്റ്റൻ, സഖറിയ കോശി, ഷാജി കല്ലൂർ, മാമ്മൻ ജോർജ്, ചാർലി വർഗീസ് പടനിലം, റെനി കവലയിൽ, സജി കീക്കൊഴൂർ, റോയി വെട്ടുകുഴി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.