You are Here : Home / USA News

ഫാ. ജോർജ് എളമ്പാശ്ശേരിലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 26ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, November 22, 2016 11:57 hrs UTC

ഡാലസ് ∙ ഗാർലാൻഡ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളി വികാരി ഫാ. ജോർജ് (ജോഷി) എളമ്പാശ്ശേരിലിന്റെ പൗരോഹിത്യ രജത ജൂബിലിയാഘോഷവും നന്ദിയർപ്പണ കുർബാനയും നവംബർ 26 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.45നു ഫാ. ജോർജ് എളമ്പാശ്ശേരിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കുർബാന നടക്കും. ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്ത്, ഇടവകയിലെ മുൻ വൈദികർ, രൂപതയിൽ നിന്നെത്തുന്ന മറ്റു വൈദികർ എന്നിവരും നന്ദിയർപ്പണ കുർബാനയിൽ പങ്കെടുക്കും. മാർ. ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നൽകും. തുടർന്ന് സെന്റ് തോമസ് ജൂബിലി ഹാളിൽ നടക്കുന്ന സമ്മേളനം മാർ. ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തുന്ന വൈദികർ ആശംസാ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് സ്നേഹ വിരുന്നു സൽക്കാരവും ഉണ്ടായിരിക്കും.

 

 

കോട്ടയം കടപ്ലാമറ്റം ഇടവകയിൽ എളമ്പാശ്ശേരിൽ വർക്കി ചെറിയാൻ- മേരി വർക്കി ദമ്പതികളുടെ മകനായാണ് ഫാ. ജോർജ് ജനിച്ചത്. കോട്ടയം വടവാതൂർ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1992 ജനുവരി 2ന് ബിഷപ് മാർ. ജോസഫ് പള്ളിക്കാപറമ്പിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻ അസിസ്റ്റന്റ് വികാരിയായി വൈദിക സേവനം ആരംഭിച്ചു. മേലുകാവുമറ്റം സെന്റ് തോമസ് ദേവാലയം, അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ദേവാലയം, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ ദേവാലയം, പാലാ കീഴ്തടിയൂർ സെന്റ് ജോസഫ് (സെന്റ്. ജൂഡ്) ദേവാലയം, മരങ്ങോലി സെന്റ് മേരീസ്എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷം 2010ലാണ് അമേരിക്കയിലെ സിറോ മലബാർ രൂപതയുടെ സേവനത്തിനായി ഫാ. ജോർജ് നിയമിതനാകുന്നത്. 2010 മുതൽ 2015 വരെ ഡിട്രോയിറ്റ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ വികാരിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടിൽ നിന്നെത്തി ജൂബിലിയാഘോഷത്തിൽ പങ്കുചേരും. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജൂബിലിയാഘോഷ കോ-ഓർഡിനേറ്റർ ജോസഫ് വലിയവീട് (മോൻസി), ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, സാലിച്ചൻ കൈനിക്കര എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.