You are Here : Home / USA News

അമേരിക്ക അവസരങ്ങളുടേയും പാരമ്പര്യത്തിന്റേയും കലവറ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 23, 2016 11:45 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്ക അവസരങ്ങളുടേയും, പാരമ്പര്യത്തിന്റേയും കലവറയാണെന്നും, അവ പാഴാക്കാതെ പ്രയോജനപ്പെടുത്തണമെന്നും യോങ്കേഴ്സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ ഉദ്ബോധിപ്പിച്ചു. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ സണ്‍‌ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവി സുരക്ഷിതമാക്കാന്‍ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമാണ്. നല്ല രീതിയില്‍ അവരെ വഴി കാട്ടുക, മാതാപിതാക്കളോടായി മേയര്‍ ഉപദേശിച്ചു. നവംബര്‍ 20 ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ മേയര്‍ സ്പാനോയെ വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍, സെക്രട്ടറി ഏബ്രഹാം മൂലയില്‍, ട്രഷറര്‍ കോര വറുഗീസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഏബ്രഹാം തോമസ്, മാത്യു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വി. കുര്‍ബ്ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഡേവിഡ് കുറിയാക്കോസ് അമേരിക്കന്‍ ദേശീയ ഗാനമാലപിച്ചു.

 

ജോയിന്റ് സെക്രട്ടറി ടോബിന്‍ ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ തന്റെ പ്രസംഗത്തില്‍, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ചരിത്രവും, യോങ്കേഴ്സ് സിറ്റിയുമായി പള്ളിയ്ക്കുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും സംസാരിച്ചു. സണ്‍‌ഡേ സ്‌കൂള്‍ കുട്ടികളുടെ സമൂഹഗാനത്തെ മേയര്‍ പ്രത്യേകം പ്രശംസിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക യോങ്കേഴ്സില്‍ നിലനില്‍ക്കുന്നതില്‍ മേയര്‍ അതീവ സന്തുഷ്ടി പ്രകടിപ്പിക്കുകയും, പള്ളിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. മേയറുടെ താങ്ക്സ്ഗിവിംഗ് ഫണ്ടിലേക്കുള്ള പള്ളിയുടെ പാരിതോഷികം ട്രഷറര്‍ കോര വറുഗീസ് അദ്ദേഹത്തിന് കൈമാറി. സെക്രട്ടറി ഏബ്രഹാം മൂലയില്‍ നന്ദി പ്രകാശിപ്പിച്ചു. ഗ്രൂപ്പ് ഫോട്ടോ സെഷനില്‍ ആദ്യാവസാനം വരെ വളരെ സന്തോഷത്തോടെ മേയര്‍ സഹകരിച്ചു. ടോബി ജോര്‍ജ് എം.സി.യായി പ്രവര്‍ത്തിച്ചു. മേയറുടെ സ്പെഷ്യല്‍ അസിസ്റ്റന്റ് ഹോപ്പ് കോക്‌സണ്‍, വെറ്ററന്‍സ് അസിസ്റ്റന്റ് ട്രീസാ ബാര്‍ബഗാലോ എന്നിവരും മേയറോടൊപ്പം പരിപാടിയില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തിനുശേഷം മേയര്‍ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും, ഏബ്രഹാം മൂലയില്‍, കോര വറുഗീസ്, ഏബ്രഹാം തോമസ്, മാത്യു ജോര്‍ജ് എന്നിവരോടൊപ്പം പള്ളിയും പരിസരങ്ങളും നടന്നു കണ്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും പള്ളിക്കു വേണ്ട എല്ലാ സഹായസഹകരണങ്ങളും സിറ്റി ഓഫ് യോങ്കേഴ്സില്‍ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പള്ളി സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിലും, അംഗങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിലും മേയര്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിക്കുവേണ്ടി പി.ആര്‍.ഒ. കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.