You are Here : Home / USA News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 24, 2016 12:37 hrs UTC

ന്യൂയോര്‍ക്ക്: 500-1000 നോട്ടുകളുടെ നിരോധനത്തിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ദുരിതജീവിതത്തിലേക്ക് തള്ളിവിടുകയും, പ്രവാസികളുടെ കൈവശമുള്ള കറന്‍സികളുടെ മൂല്യമില്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി സംഘടിപ്പിക്കുന്നു. ഒറ്റ രാത്രികൊണ്ട് 500-1000 നോട്ടുകളുടെ നിരോധനം പ്രവാസികളേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കാനും, തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമര്‍പ്പിക്കാനുമാണ് ഇങ്ങനെയൊരു റാലി നടത്തുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീര്‍ അറിയിച്ചു.

 

കള്ളപ്പണം തടയാനാണെന്ന പേരില്‍ നോട്ടുകള്‍ പിന്‍‌വലിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനു പുറമേ, പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികളുടെ മൂല്യം ഇല്ലാതാകുന്നത് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞു. ഏകദേശം അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് ഏരിയയില്‍ തന്നെയുണ്ട്. ലോകവ്യാപകമായി അഞ്ച് മില്യണ്‍ പ്രവാസികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോരുത്തരും ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ 5000 രൂപയെങ്കിലും കൈവശം വെച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ 250 കോടി രൂപയോളം ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രവാസികളുടെ കൈവശവും, 25000 കോടി രൂപ ലോകവ്യാപകമായുള്ള പ്രവാസികളുടെ കൈവശവുമുണ്ടാകുമെന്ന് കണക്കു കൂട്ടുന്നു.

 

 

ഈ പണമെല്ലാം മാറ്റിയെടുക്കാന്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ വഴിയോ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയോ സൗകര്യമൊരുക്കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. അങ്ങനെ മാറ്റിയെടുക്കാന്‍ സൗകര്യപ്പെടാത്ത പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം കൊടുക്കണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. അതല്ലാത്ത പക്ഷം ഈ പുതിയ പരിഷ്ക്കാരങ്ങള്‍ ഭാവിയില്‍ പ്രവാസികള്‍ക്ക് ഏറെ ദോഷകരമായിത്തീരുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിയമപരമായിത്തന്നെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാനിച്ചുകൊണ്ടുതന്നെ, മാറ്റിയെടുക്കാനുള്ള നിയമഭേദഗതി വരുത്തുന്നതിനുപകരം "തുഗ്ലക്ക് പരിഷ്ക്കാരങ്ങള്‍"ക്ക് സമാനമായ രീതി അടിച്ചേല്പിക്കരുതെന്നാണ് റാലിയുടെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

 

നവംബര്‍ 27 ഞായറാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ (3 ഈസ്റ്റ് 64 സ്‌ട്രീറ്റ്, ന്യൂയോര്‍ക്ക്) ഐ.എന്‍.ഒ.സി. മുന്‍ പ്രസിഡന്റ് ജുനേദ് ഖ്വാസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമാധാന റാലിയില്‍ മേല്പറഞ്ഞ ആവശ്യങ്ങളുന്നയിക്കുകയും അതോടൊപ്പം ഇന്ത്യാ ഗവണ്മെന്റിനുള്ള നിവേദനം കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും. ഈ റാലിയില്‍ പങ്കെടുക്കാനും പ്രവാസികളുടെ ന്യായമായ അവകാശം നേടിയെടുക്കാന്‍ സഹകരിക്കണമെന്നും എല്ലാ പ്രവാസികളോടും സംഘാടകര്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജുനേദ് ഖ്വാസി 646 286 9728.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.