You are Here : Home / USA News

‘ഫൊക്കാന സ്മരണികകൾ’ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, December 01, 2016 01:10 hrs UTC

ന്യൂയോർക്ക്∙1983 ൽ രൂപം കൊണ്ട ഫൊക്കാന എന്ന മഹാപ്രസ്ഥാനം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 33 വർഷങ്ങളായി ഫൊക്കാനയുടെ കൺവൻഷനുകളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികളിലൂടെ കടന്നു പോയാൽ അമേരിക്കൻ മലയാളികളുടെ സാഹിത്യ രചനകളുടെയും കലാ സാംസ്കാരിക രംഗത്തെ തുടിപ്പുകളുടെയും ഒരു നേർക്കാഴ്ച കാണുവാൻ കഴിയും. വടക്കേ അമേരിക്കയിലെ മലയാള ഭാഷയുടെ വളർച്ചയുടെയും വികാസത്തിന്റെയും തായ് വേരുകളന്വേഷിച്ചു പോകുന്ന ഒരു ഗവേഷണ വിദ്യാർത്ഥിക്ക് ഈ സോവനീറുകൾ അമൂല്യമായ രത്നഘനികളായിരിക്കും. വടക്കെ അമേരിക്കയിലെ പ്രവാസി എഴുത്തുകാരുടെ കലാസൃഷ്ടികൾ ഒരു പക്ഷെ ആദ്യമായി വെളിച്ചം കണ്ടതും പലർക്കും എഴുതുവാൻ പോലും പ്രചോദനമായതും ഈ സോവനീറുകൾ ആയിരിക്കാം.

 

 

അതോടൊപ്പം നമ്മുടെ ജന്മനാട്ടിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും കാലാകാലങ്ങളിൽ നമ്മോടു സംവാദിച്ചതിന്റെ ഓർമ്മക്കുറിപ്പുകളും ആ സ്മരണികകളെ അമൂല്യങ്ങളാക്കുന്നു. അതോടൊപ്പം ചരിത്രപരമായ പ്രാധാന്യമുളള വസ്തുതകളും വിശകലനങ്ങളും ഈ സ്മരണികകളിൽ ചിന്നിച്ചിതറിക്കിടക്കുന്നു. സ്മരണികകൾ തന്നെ സ്മരണയിൽ മാത്രമായി അവശേഷിച്ചു കൊണ്ടിരിക്കു ന്ന സാഹചര്യത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ച സ്മരണികകൾ തേടിപ്പിടിച്ച് അവയിലെ പ്രസക്തമായ ലേഖനങ്ങൾ, കവിതകൾ, കഥകൾ, സന്ദേശങ്ങൾ തുടങ്ങിയ വിഭവങ്ങൾ തിരഞ്ഞെടുത്ത് പുസ്തക രൂപത്തിൽ പുനഃപ്രസിദ്ധീക രിക്കുകയും അതോടൊപ്പം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഭാവി തലമുറയ്ക്ക് ഉതകുമാറ് ലഭ്യമാക്കുകയും ചെയ്യണമെന്നുളള ഒരു നിർദ്ദേശം ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ ഗൗരവമായി പരിഗണിക്കുകയും ആ ആശയം പ്രാവർത്തികമാക്കുവാൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി ഒരു പ്രസിദ്ധീകരണ കമ്മിറ്റിയെ ചുമതലപ്പെടുത്തകയും ചെയ്തു. മലയാള ഭാഷയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പുസ്തകത്തിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും മലയാളത്തിലെ അവശതയനുഭവിക്കുന്ന എഴുത്തുകാരുടെ ക്ഷേമത്തിനു വേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ടനുഭവി ക്കുന്ന മലയാള ഭാഷാ പഠനരംഗത്തെ വിദ്യാർത്ഥികൾക്ക് പഠനസഹായത്തി നുമായും വിനിയോഗിക്കുമെന്നും ഫൊക്കാനയുടെ സാരഥികൾ ഉറപ്പു നൽകിയിട്ടുണ്ട്.

 

 

ഈ ദൗത്യം വിജയിപ്പിക്കുകയെന്നത് അമേരിക്കയിലെയും കാനഡയിലെയും ഭാഷാ സ്നേഹികളായ എല്ലാ മലയാളികളുടെയും സംഘടനകളുടെയും ആവശ്യമാണ്. ഇതിന് എല്ലാവരുടെയും സഹകരണവും സഹായവും അത്യന്താപേക്ഷിതവുമാണ്. ഫൊക്കാനയുടെ ആരംഭകാല സുവനീറുകൾ കൈവശമുളളവർ ആ വിവരം ഫൊക്കാന ഭാരവാഹികളെയൊ പ്രസിദ്ധീകരണ കമ്മിറ്റിയെയോ അറിയ്ക്കുന്നത് ഏറെ സഹായകരമാകുമെന്നും ഭാവിയിൽ അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ കുടിയേറ്റ ചരിത്രത്തി ലേക്കു പോലും വെളിച്ചം വീശാൻ പര്യാപ്തമായ ഈ ഉദ്യമത്തിനു പ്രോത്സാഹനവും കൈത്താങ്ങും നൽകണമെന്നും കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റർ ബെന്നി കുര്യൻ അഭ്യർത്ഥിച്ചു. പ്രസിദ്ധീകരണ കമ്മിറ്റിയുടെ അംഗങ്ങൾ: തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, ജോയി ഇട്ടൻ, ജോർജി വർഗീസ്, പോൾ കറുകപ്പിളളിൽ. എഡിറ്റോറിയൽ ബോർഡ് : ചീഫ് എഡിറ്റർ: ബെന്നി കുര്യൻ കോ–എഡിറ്റേഴ്സ്: വർഗീസ് പ്ലാമൂട്ടിൽ, വർഗീസ് പോത്താനിക്കാട്, ശ്രീകുമാർ ഉണ്ണിത്താൻ, ഡോ. മാത്യു വർഗീസ് (ഡിട്രോയിറ്റ്), ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ) കുര്യൻ പ്രക്കാനം(കാനഡ) nechoor@gmail.com, 201 290 1643, 917 488 2590, 845 642 2060

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.