You are Here : Home / USA News

ഡോ: സാറാ ഈശോ ഫോമാ വുമൺസ് ഫോറം ചെയർ പേഴ്സൺ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, December 15, 2016 06:16 hrs UTC

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) വുമൺസ് ഫോറം ചെയർപെഴ്സണായി ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത ഓൺകോളോജി സ്പെഷ്യലിറ്റ് ഡോ: സാറാ ഈശോയെ തിരഞ്ഞെടുത്തു.   ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ.

 

സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവൽക്കരണത്തിനായി ഒട്ടനവധി ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്. കാൻസർ സപെഷ്യലിസ്റ്റായ ഡോ: സാറാ ഈശോ, കഴിഞ്ഞ കുറേ വർഷമായി ന്യൂജേഴ്സിയിലെ ഓഷ്യൻ കൗണ്ടിയിലെ ഓഷ്യൻ ഹെമറ്റോളജി ആൻഡ് ഓങ്കോളജിയുമായി ചേർന്നു നടത്തി വരുന്ന കാൻസർ സർവൈവേഴ്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തിൽ ഒരു ദിവസമെങ്കിലും കാൻസറിനെ കുറിച്ചുള്ള ഓർമ്മകളിൽ നിന്നും വിട്ട് വൈൽഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാൻസർ സർവൈവേഴ്സ് ഡേ കൊണ്ടാടുന്നത്.

 

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം എടുത്ത്,  ന്യൂയോർക്കിലെ, ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി ആൻഡ് ഓങ്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ കുറേ വർഷങ്ങളായി ആ മേഖലയിൽ തന്നെ സേവനം ചെയ്തു വരികയാണ് ഡോ: സാറാ ഈശോ. തിരക്കേറിയ ഔദ്യോഗിക ജീവതത്തിനിടയിൽ മലയാള ഭാഷയെ മറക്കുന്നില്ല എന്നതിന്ന് തെളിവാണ്, ന്യൂയോർക്കിൽ നിന്നും പ്രസദ്ധീകരിക്കുന്ന പ്രമുഖ മാസികയായ "ജനനി" യുടെ ലിറ്റററി എഡിറ്ററായി സേവനമനുഷ്ഠിക്കുന്നത്. ജനനി മാസികയിൽ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും ഡോ: സാറാ ചെയ്യുന്നുണ്ട്. അതോടൊപ്പം നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും അവർ എഴുതി പ്രസദ്ധീകരിച്ചിട്ടുണ്ട്.

 

ഫോമായുടെ രൂപീകരണത്തിനു ശേഷം ലാസ് വേഗസിൽ നടന്ന ചരിത്ര പ്രസിദ്ധ കൺവൻഷനിൽ, ആദ്യമായി ഫോമാ വുമൺസ് ഫോറം ഗ്രേസി ജയിംസിന്റെ (ഊരാളിൽ) നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ, അവരോടൊപ്പം തോളോടു തോൾ ചേർന്നു നിന്നു ഫോമാ വുമൺസ് ഫോറത്തിനു വ്യക്തമായ ദിശാബോധം നൽകുന്നതിൽ ഡോ: സാറാ ഈശോ നൽകിയ സംഭാവനകൾ വളരെ ശ്രദ്ധേയമാണ്.

 

വ്യക്തമായ ഉദ്ദേശ ശുദ്ധിയോടെയാണ് ഫോമാ വുമൺസ് ഫോറം ചെയർ പേഴ്സണായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഡോ: സാറാ പറഞ്ഞു. ഫോമായുടെ പല റീജണുകളിൽ നിന്നും മലയാളി വനിതകളെ കൂട്ടി ചേർത്തു, ഒരു വനിതാ ശാക്തീകരണം നടത്തുന്നതിനൊപ്പം, അമേരിക്കൻ മലയാളി സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കുന്നതിനും, ചർച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയുണ്ടാക്കുക, അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ഒരു പരിപാടികളാണ് ഫോമാ വുമൺസ് ഫോറം ഈ പ്രാവിശ്യം ആസൂത്രണം ചെയ്യുന്നത്. ഫോമാ വുമൺസ് ഫോറവുമായി ചേർന്ന് പല സെമിനാറുകളും ഡോ: സാറാ ഈശോയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് കാൻസർ അവേയർനെസ്, ഗെറ്റിംഗ് ഓൾഡ് ഗ്രേസ്ഫുള്ളി തുടങ്ങിയ അവയിൽ ചിലതാണ്. ഭർത്താവ് ഡോ: ജോൺ ഈശോ, മക്കൾ മനോജ്, മെലിസ്സ എന്നിവരടങ്ങുന്നതാണ് ഡോ: സാറാ ഈശോയുടെ കുടുംബം.

 

വിനോദ് കൊണ്ടൂർ ഡേവിഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.