You are Here : Home / USA News

എമിരേറ്റ്‌സ് വിമാന സര്‍വീസിന് രാജകീയ വരവേല്‍പ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 19, 2016 01:40 hrs UTC

സൗത്ത് ഫ്‌ളോറിഡ: ദുബായ് - ഫോര്‍ട്ട്‌ലോഡര്‍ ഡെയില്‍ വിമാന സര്‍വീസിന് വഴിതുറന്ന് ഫോര്‍ട്ട്‌ലോഡര്‍ ഡെയില്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയ എമിരേറ്റ്‌സ് വിമാനത്തിന് ബ്രോവാര്‍ഡ് കൗണ്ടി മേയറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും, മേയര്‍മാരുടേയും, കമ്യൂണിറ്റി നേതാക്കളുടേയും, മീഡിയാ പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഡിസംബര്‍ 15-നു വ്യാഴാഴ്ച രാവിലെ 10.35-നു യാത്രക്കാരുമായി ഫോര്‍ട്ട്‌ലോഡര്‍ ഡൈ- ഹോളിവുഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത എമിരേറ്റ്‌സ് വിമാനത്തിന് ജലപീരങ്കിയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ജലധാരകൊണ്ട് അഭിവാദ്യം ചെയ്ത് എതിരേറ്റു. എമിരേറ്റ്‌സ് വിമാന കമ്പനിയുടെ അമേരിക്കയിലെ പതിനൊന്നാമത്തെ സര്‍വീസും, ഫ്‌ളോറിഡ സംസ്ഥാനത്തെ രണ്ടാമത്തെ എയര്‍പോര്‍ട്ടുമാണ് ഫോര്‍ട്ട്‌ലോഡര്‍ ഡെയിലിലേതെന്ന് എമിരേറ്റ്‌സ് കമ്പനിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹ്യൂബര്‍റ്റ് ഫ്രാമ്പ് പറഞ്ഞു.

 

ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ ബാര്‍ബറാ ഷെറീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ മാര്‍ക്ക് ഗാലി എയര്‍പോര്‍ട്ട് വികസനം പുതിയ ദശയിലേക്ക് നീങ്ങുന്നതായും, ബ്രട്ടീഷ് എയര്‍വേയ്‌സ് വിമാന സര്‍വീസ് ഉള്‍പ്പടെ പല ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇവിടെ നിന്നും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാദിവസവും രാത്രി 8.20-നു ഫോര്‍ട്ട്‌ലോഡര്‍ ഡെയിലില്‍ നിന്നും പുറപ്പെട്ട് പതിനഞ്ച് മണിക്കൂര്‍ കൊണ്ട് ദുബായില്‍ രാവിലെ 7.40-നു എത്തിച്ചേരും. ദുബായ് സമയം പുലര്‍ച്ചെ 3.30-നു യാത്ര തിരിക്കുന്ന വിമാനം ഫോര്‍ട്ട്‌ലോഡര്‍ ഡെയിലില്‍ രാവിലെ 10.55-ന് എത്തിച്ചേരും. അഭിമാനകരമായ ഈ നിമിഷത്തിന് സാക്ഷികളാകാന്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് സാജന്‍ കുര്യന്‍, സാജു വടക്കേല്‍, ജേക്കബ് തോമസ് (ഷാജി), അലക്‌സ് നൈനാന്‍, രതീഷ് ചിത്രാലയ, ജോയി കുറ്റിയാനി തുടങ്ങിയവര്‍ പങ്കെടുത്തു. 1985-ല്‍ ആരംഭിച്ച എമിരേറ്റ്‌സ് വിമാന കമ്പനി ഇന്ന് 230 വിമാനങ്ങളുമായി 82 രാജ്യങ്ങളിലെ 150 പട്ടണങ്ങളെ ബന്ധിപ്പിച്ച് ലോകത്തിലെ ഏറ്റവും നല്ല എയര്‍ലൈന്‍ സര്‍വീസുകളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.