ഡാളസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടെക്സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ നേതാക്കന്മാരേയും, വോട്ടര്‍മാരേയും ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍ മുക്തകണ്ഠം പ്രശംസിച്ചു. മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് ഡാളസ് ഡൗണ്‍ ടൗണിലുള്ള ഒമിനി ഹോട്ടലില്‍, ഡാളസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൊണാള്‍ഡ് റീഗന് ഡിന്നറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റിന്റെ പുത്രന് ട്രംപ് ജൂണിയര്‍. അമേരിക്കയുടെ നന്മ ലക്ഷ്യമാക്കി ടെക്സസ് സംസ്ഥാനം തങ്ങള്‍ക്കൊപ്പം നിന്നു എന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വന്‍ തുക സംഭാവന നല്‍കിയതിനും ട്രംപ് ജൂണിയര്‍ പ്രത്യേകം നന്ദി പറഞ്ഞു. ഒമ്നി ഹോട്ടലില്‍ നടന്ന ഡിന്നറില്‍ പങ്കെടുക്കാന്‍ 25000 ഡോളര്‍ വരെയാണ് ഒരാള്‍ക്ക് പ്രവേശന ഫീസ് നല്‍കേണ്ടിയിരുന്നത്. ഡിന്നറില്‍ 950 പേര് പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. യു.എസ് സെനറ്റര്‍ ട്രെഡ് ക്രൂസ് മുഖ്യാതിഥിയെ സ്വാഗതം ചെയ്തു. ടെക്സസില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ ഡിന്നറില്‍ പങ്കെടുത്തു. ഡാളസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്മാന് ഫിലിപ്പ് ഹഷിന്സ് നന്ദി പറഞ്ഞു.
Comments