ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിസിറ്റ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഏപ്രില്‍ 11ന് പെയര്‍ലാന്റിലെ ഷാഡോ ക്രീക്ക് റാഞ്ച് ഗ്രൗണ്ടില്‍ നടന്ന ആദ്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീം ചാമ്പ്യന്മാരായി. ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതീനിധീകരിച്ച് 7 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.പ്രാഥമികറൗണ്ട് മത്സരങ്ങളില്‍ വിജയിച്ച് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച്, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ച് എന്നീ ടീമുകള്‍ സെമി ഫൈനലുകളില്‍ മാറ്റുരച്ചു. വാശിയേറിയ സെമിഫൈനല്‍ മത്സരങ്ങളില്‍, ഒന്നാം സെമി ഫൈനലില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ടീമിനെ തോല്പിച്ച് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ടീം ഫൈനലില്‍ ഇടം കണ്ടെത്തിയപ്പോള്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചിനെ പരാജയപ്പെടുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം ഫൈനലില്‍ പ്രവേശിച്ചു.
ആവേശകരമായ ഫൈനല്‍ മത്സരങ്ങളില്‍ 12 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്ണുകള്‍ നേടി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ടീം നല്ല തുടക്കം കുറിച്ചു. 96 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടി വിജയിയ്ക്കുവാന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ടീമിനു നല്ലതുപോലെ പൊരുതേണ്ടി വന്നു. കാണികള്‍ക്ക് ഉദ്യേഗം നിറഞ്ഞ നിമിഷങ്ങള്‍ നല്കി രണ്ടു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കേ 11.4 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്ണുകള്‍ നേടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീം എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി, എബി മാത്യു സംഭാവന ചെയ്ത കെ.കെ.മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി.സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ച മറ്റു ടീമുകള്‍.പെയര്‍ലാന്റ് അപ്നാ ബസാര്‍ സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള ട്രോഫി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം കരസ്ഥമാക്കി. ഫൈനലില്‍ റോയി മാത്യൂ(സെന്റ് തോമസ് ഓര്‍ത്തഡോക്സ്), മാന്‍ ഓഫ് ദി മാച്ച്, സാം അലക്സാണ്ടര്‍(ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ) ബെസ്റ്റ് ബൗളര്‍ ആയും, റോയി മാത്യു(സെന്റ് തോമസ്) ബസ്റ്റ് ബാറ്റ്സ്മാന് ആയും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് ഏബ്രഹാം ഉമ്മന്‍, അലക്സ് ജോണ്‍, റോണി വര്‍ക്കി എന്നിവര്‍ സംഭാവന ചെയ്ത ട്രോഫികള്‍ നല്കി.
Comments