ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരിമാരായി ചുമതലയില്‍ പ്രവേശിച്ച പട്ടക്കാര്‍ക്ക് ഇടവക ജനങ്ങള്‍ ഊഷ്മള സ്വീകരണം നല്കി.ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വൈസ് പ്രസിഡന്റ് ബാബു സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണ സമ്മേളനം ആരംഭിച്ചു.മാര്‍ത്തോമാ സഭാ ഫിനാന്‍സ് മാനേജരായി തിരുവല്ലായില്‍ 8 വര്‍ഷം സ്തുത്യാര്‍ഹ സേവനം അനുഷ്ഠിച്ച റവ.സജി പി.സി.യാണ് ഇടവക വികാരിയായി നിയമിതനായിരിക്കുന്നത്.അസിസ്റ്റന്റ് വികാരിയായി ബോംബെ ഭദ്രാസന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റവ.മാത്യു ശാമുവേല്‍ അച്ചനെയാണ് നിയമിച്ചിരിക്കുന്നത്.
മെയ് 1 മുതല്‍ ഇരുവരും ചുമതലയില്‍ പ്രവേശിച്ചിരുന്നു.ഇരുവരേയും ഇടവക സെക്രട്ടറിയായി ഡെന്നീസ് കുര്യന് പരിചയപ്പെടുത്തുകയും, സ്വാഗതം ആശംസിക്കുകയും ചെയ്തു.ഡാളസ്സിലെ നാലു ഇടവകകളില്‍ വെച്ചു അംഗസംഖ്യ കൊണ്ട് ഏറ്റവും വലിയ ദേവാലയമായ ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയെ ആത്മീയമായും ഭൗതീകമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും, ഇടവകജനങ്ങളുടെ പൂര്‍ണ്ണ സഹകരണവും, പ്രാര്‍ത്ഥനയും ഞങ്ങളൊടൊപ്പം ഉണ്ടായിരിക്കണമെന്നും ഇരുവരും. മറുപടി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ആരംഭം മുതല്‍ ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച മുന്‍ വികാരിമാരുടെ മാതൃക പിന്തുടരുമെന്നും പട്ടക്കാര്‍ ഇടവക ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. വികാരിയുടെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും യോഗം സമാപിച്ചു.
Comments