ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കൊച്ചുകുട്ടികള്‍ വിദ്യാരംഭം കുറിച്ചു. പെന്തക്കുസ്താ ദിവസമായിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്.
ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം ദേവാലയത്തിലെ പരിശുദ്ധമായ അള്‍ത്താരയ്ക്കു മുന്നിലായിരുന്നു വിശ്വാസപൂര്‍വമായ വിദ്യാരംഭം കുറിച്ചത്. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആദ്യാക്ഷരപൂജയ്ക്ക് ഗുരുവായി. 12 കുട്ടികള്‍ പങ്കെടുത്ത ചടങ്ങ് അനുഗ്രഹവര്‍ഷത്താല്‍ നിറഞ്ഞുനിന്നു.
മാതാപിതാക്കളുടേയും ഇടവകാംഗങ്ങളുടേയും പ്രാര്‍ത്ഥനാനിരതമായ സാന്നിധ്യത്തില്‍ അക്ഷരലോകത്തേക്കുള്ള വാതായനങ്ങള്‍ ഇമ്മാനുവേലച്ചന് കുട്ടികള്‍ക്കായി തുറന്നുകൊടുക്കുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തദവസരത്തില്‍ ഇടവക ഗായകസംഘാംഗങ്ങള്‍ പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ചു.
കുഞ്ഞുങ്ങളുടെ കൈവിരലില്‍ പിടിച്ച് അരിയില്‍ `ജീസസ്' എന്നെഴുതിപ്പിച്ച് വിദ്യാരംഭത്തിനു തുടക്കമായി. തുടര്‍ന്ന് ഇമ്മാനുവേലച്ചന് കുട്ടികള്‍ക്ക് മിഠായികള്‍ നല്കുകയുണ്ടായി.
ഇടവക സാക്രിസ്റ്റീന് ജോവി തുണ്ടിയില്‍, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവരാണ് എഴുത്തിനിരുത്തിനു നേതൃത്വം നല്‍കിയത്. ജെയ്സണ്‍ ജേക്കബ് ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.
Comments