ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍, ഭാരത സഭയുടെ സ്ഥാപകനും, പിതാവുമായ മാര്‍ത്തോമ സ്ലീഹായുടെ ദുഃക്റാന തിരുന്നാളിന്, ജൂണ്‍ 28-ാം തീയ്യതി ഞായറാഴ്ച കൊടിയേറും.
ദുഃക്റാന ദിനമായ ജൂലൈ 3-ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വേസ്പരം തുടര്‍ന്ന് ഫാ.സിബി വെട്ടിയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലി. 6 മണിക്ക് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രസുദേന്തി നൈറ്റ്!
ജൂലൈ നാലാം തീയ്യതി ശനിയാഴ്ച 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന ഫാ.ബിജു നാറാണത്ത് മുഖ്യകാര്‍മ്മികനും, ഫാ.സൈമന് പള്ളിപറമ്പില്‍, ഫാ.ജയിംസ് വട്ടക്കുന്നേല്‍, ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്മ്മകരും ആയിരിക്കും. തുടര്‍ന്ന്, വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്, ബ്രോങ്ക്സ് വീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണവും ഉണ്ടാകും.
ജൂണ്‍ 6-ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മരിച്ചവരുടെ ഓര്‍മ്മ തിരുന്നാള്‍. സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും ഉണ്ടായിരിക്കും. യോങ്കേഴ്സ് നാലാം വാര്‍ഡാണ് ഇക്കൊല്ലത്തെ തിരുന്നാള്‍ ഏറ്റുകഴിക്കുന്നത്.
തിരുന്നാളില്‍ പങ്കെടുത്ത് തോമാസ്ലീഹായുടെ മദ്ധ്യസ്ഥത വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയും അസി. വികാരി ഫാ.റോയിസന്‍ മേനോലിക്കലും സ്വാഗതം ചെയ്യുന്നു.
Comments