ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവദിനം സമുചിതമായി ആഘോഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 28ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം നടത്തപ്പെടുന്ന ഇടവകദിന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിയ്ക്കും. ഇടവകദിനത്തോടനുബന്ധിച്ച് ഇടവകയില്‍ ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിയ്ക്കുന്ന ഇടവകാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിയ്ക്കും. അക്കാദമിക് തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ വിദ്യാര്‍ത്ഥികളെയും ആദരിയ്ക്കും. അന്നേദിവസം രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. വികാരി റവ.കൊച്ചുകോശി ഏബ്രഹാം, അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിയ്ക്കും. ആഗോള ക്രൈസ്തവരംഗത്തും എക്യൂമെനിക്കല്‍ നേതൃനിരയിലും നിറഞ്ഞുനില്ക്കുന്ന കര്‍മ്മധീരനായ തിരുമേനി, പാരമ്പര്യത്തിന്റെയും സഭാ പൈതൃകത്തിന്റെയും കരുത്തുമായി നടന്നു നീങ്ങുന്ന വലിയ ഇടയനാണ്. ഈ വലിയ ഇടയനെ ഉചിതമായി വരവേല്ക്കുവാന് ട്രിനിറ്റിയിലെ വിശ്വാസസമൂഹം ഒരുങ്ങികഴിഞ്ഞുവെന്ന് വികാരിമാര്‍ അറിയിച്ചു. ഇടവകദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കുന്നതാണ്.
Comments