ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), ഫോമയുടെ 2016 -18 ഭരണസമിതിയിലേക്ക് ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്സ് അലക്സാണ്ടറുടെ പേര് നിര്‍ദേശിച്ചു. ജൂലൈ 12-ന് ഞായറാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജോയിന്റ് കമ്മിറ്റി യോഗത്തില്‍ വെച്ചാണ് അലക്സിനെ നോമിനേറ്റ് ചെയ്തത്. മാപ്പ് കമ്മിറ്റി മെമ്പര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ചവെച്ച അലക്സ് ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ ആ സംഘടനയ്ക്കുമാത്രം പരിപൂര്‍ണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന സംഘടനയാണ് ഫിലാഡല്‍ഫിയയിലെ മാപ്പ്. പൊതു പ്രവര്‍ത്തന രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അലക്സിന്റെ പ്രവര്‍ത്തന പരിചയവും നേതൃത്വവും ഫോമയ്ക്ക് ഗുണകരമാകുമെന്ന് മാപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ഫോമയിലെ എല്ലാ അംഗസംഘടനകളുടേയും സ്നേഹപൂര്‍ണമായ സഹകരണവും പിന്തുണയും അലക്സിന് നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments