You are Here : Home / USA News

ഫാ. ഡേവിസ്‌ ചിറമേലിനെ സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമൂഹം ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 25, 2015 11:04 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: സ്വന്തം കിഡ്‌നി ദാനം ചെയ്‌തുകൊണ്ട്‌ ജീവകാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമേലിനെ സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമൂഹം ആദരിച്ചു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ നേതൃത്വത്തിലാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.

പുതിയ അവയവദാന സംസ്‌കാരത്തിലേക്ക്‌ കേരളം മുന്നോട്ടുവരികയാണെന്നും അവയവദാനം അഭിമാനമായി മാറുകയാണെന്നും ഫാ. ഡേവിസ്‌ ചിറമേല്‍ പറഞ്ഞു. ഈ മാനവീകതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ലോകം കേരളത്തിലേക്ക്‌ വരും. കേരളത്തിലെ അശരണരായ കിഡ്‌നി രോഗികളെ സഹായിക്കുവാന്‍ പ്രവാസി മലയാളികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വൃക്കരോഗികള്‍ക്ക്‌ ഡയാലിസിസിനു സഹായം നല്‍കാന്‍ `വണ്‍ ഡോളര്‍ റെവല്യൂഷന്‍' എന്ന മഹത്തായ പദ്ധതിക്കും ചടങ്ങില്‍ തുടക്കംകുറിച്ചു. അമേരിക്കന്‍ മലയാളികള്‍ ആഴ്‌ചയില്‍ ഒരു ഡോളറെന്ന കണക്കില്‍ ഒരുവര്‍ഷം 52 ഡോളര്‍ നല്‍കിയാല്‍ ഒരു വൃക്കരോഗിയുടെ ഒരാഴ്‌ചത്തെ ഡയലാസിസ്‌ സൗജന്യമായി നല്‍കുകയെന്നതാണ്‌ പദ്ധതി.

ഫാ. ഡേവിസ്‌ ചിറമേലിന്റെ `വണ്‍ ഡോളര്‍ റെവല്യൂഷന്‍' പദ്ധതിക്ക്‌ സദസ്‌ ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിയുടെ നടത്തിപ്പിലേക്ക്‌ `വണ്‍ ഡോളര്‍ റെവല്യൂഷന്‍ ഫോറം യു.എസ്‌.എ' എന്ന സംഘടനയ്‌ക്ക്‌ രൂപം നല്‍കുവാനും തീരുമാനിച്ചു.

ചടങ്ങില്‍ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ സുനില്‍ തൈമറ്റം അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ജോയി പൈങ്ങോലില്‍, ഇന്ത്യാപ്രസ്‌ക്ലബ്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്‌, ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ സി. ജേക്കബ്‌, കേരള സമാജം പ്രസിഡന്റ്‌ സജി സക്കറിയാസ്‌, നവകേരള പ്രസിഡന്റ്‌ എബി ആനന്ദ്‌, കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍, മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ വര്‍ക്കി ഔസേഫ്‌, ഐ.എന്‍.ഒ.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസ്സി നടയില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ. ഡേവിസ്‌ ചിറമേലിനെ ആദരിച്ചുകൊണ്ട്‌ പ്രസ്‌ക്ലബ്‌ നല്‍കിയ പ്രശംസാഫലകം അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്‌ സമ്മാനിച്ചു. സെക്രട്ടറി ബിനു ചിലമ്പത്ത്‌ സ്വാഗതവും, ജോയി കുറ്റിയാനി നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.