You are Here : Home / USA News

കുര്യന്‍ ജോസഫ്‌ പൂവത്തുങ്കലിന്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ആദരം

Text Size  

Story Dated: Thursday, October 08, 2015 11:50 hrs UTC

DR GEORGE KAKKANAT

ഹൂസ്റ്റണ്‍: സമാദരണീയനായ മനുഷ്യ സ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ മാതൃകാ സ്ഥാനീയനുമായ കുര്യന്‍ ജോസഫ്‌ പൂവത്തുങ്കലിനെ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആദരിച്ചു. ചേംബറിന്റെ ഓഫീസില്‍ ബഹുജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ്‌ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷത വഹിച്ച ഡോ. ജോര്‍ജ്‌ കാക്കനാട്ട്‌ കുര്യന്‍ ജോസഫിന്‌ തങ്ങളുടെ അംഗീകാരത്തിന്റെ അടയാളമായി മൊമെന്റോ സമ്മാനിച്ചു. സണ്ണി കാരിക്കലാണ്‌ ഈ മനുഷ്യസ്‌നേഹിയെ സദസ്സിന്‌ പരിചയപ്പെടുത്തിയത്‌. സിജു അഗസ്റ്റിന്‍ (ടൗണ്‍ ഹോംസ്‌ വില്ലാസ്‌ ആന്‍ഡ്‌ അപ്പാര്‍ട്ട്‌മെന്റ്‌സ്‌), പ്രശസ്‌ത മാന്ത്രികനായ റവ. ഡോ. സജു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോര്‍ജ്‌ കോളച്ചേരില്‍ നന്ദി പറഞ്ഞു.

 

കുര്യന്‍ ജോസഫിന്റെ പഠനാര്‍ഹമായ ജീവിത വഴിത്താരയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്‌. രോഗത്തിന്റെ അവശതകള്‍ക്കിടയിലും അമേരിക്കന്‍ മലയാളികളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിയ അദ്ദേഹം, തന്റെ ജീവിതം തന്റെ സന്ദേശമായി വായിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്‌. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായിരുന്ന പരേതനായ പി.സി.ജോസഫ്‌ പൂവത്തുങ്കലിന്റെയും അന്നമ്മയുടെയും മകനായി 1944 ഡിസംബര്‍ 5-ാം തീയതി കടപ്ലാമറ്റത്ത്‌ പൂവത്തുങ്കല്‍ തറവാട്ടില്‍ ജനിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ പ്രാവീണ്യം നേടി. ബിസിനസ്സുകാരനും വ്യവസായിയുമായി ജീവിതം ആരംഭിച്ചു. അതോടൊപ്പം സാമൂഹ്യരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി. 1989-ല്‍ മൂന്നാര്‍ വട്ടവടയിലുള്ള ആദിവാസികോളനികളില്‍ കോളറയും പട്ടിണിയും ബാധിച്ചവര്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവുമെത്തിച്ചു. 1992-ല്‍ പാലാ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച്‌ സാധുക്കളായ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആരംഭിച്ചു. പാലായില്‍ ചിക്കുന്‍ഗുനിയാ രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ഗവണ്‍മെന്റ്‌ ആശുപത്രിയിലെ നിരാലംബരായ 900 രോഗികള്‍ക്ക്‌ ദിവസവും ഭക്ഷണവും മരുന്നും വസ്‌ത്രങ്ങളും അനുബന്ധ സൗകര്യങ്ങളും നല്‍കി പരിപാലിച്ചു. സമൂഹത്തില്‍ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക്‌ എല്ലാ വര്‍ഷവും ഭവനനിര്‍മാണം, പാലിയേറ്റീവ്‌ സഹായം, മെറിറ്റില്‍ അഡ്‌മിഷന്‍ കിട്ടിയ കുട്ടികളുടെ മെഡിക്കല്‍ വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്‌, നേഴ്‌സിങ്ങ്‌ എന്നീ മേഖലകളില്‍ പഠനസഹായം എന്നിവ ചെയ്‌തുകൊണ്ടിരിക്കുന്നു. ജനറല്‍ ആശുപത്രി മുഖേന കഴിഞ്ഞ 22 വര്‍ഷം കൊണ്ട്‌ 20 ലക്ഷം പേര്‍ക്ക്‌ ഭക്ഷണം നല്‍കി. അനാഥരായി മരിച്ച 27 രോഗികളുടെ സംസ്‌കാരം ഏറ്റെടുത്ത്‌ മനുഷോചിതമായ നിലയില്‍ നടത്തി. 8-ഓളം നേഴ്‌സിങ്ങ്‌ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാക്കി. ഇവരെ കൂടാതെ ഇപ്പോള്‍ മെഡിസിനും, എന്‍ജിനീയറിങ്ങിനും, ബയോമെഡിക്കല്‍ മേഖലകളിലും കുട്ടികള്‍ പഠിച്ചു വരുന്നു.

 

പാലാ ടൗണിലും പരിസരത്തും മൊബൈല്‍ ക്ലിനിക്കുകള്‍ തുറന്ന്‌ സൗജന്യമായി ഡൈബറ്റിക്‌, വൃക്കരോഗ നിര്‍ണയം എന്നിവ സംഘടിപ്പിച്ചു വരുന്നു. കാരുണ്യാചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി ളാലം പുത്തന്‍ പള്ളി റോഡില്‍ സ്ഥലം വാങ്ങി 30 ലക്ഷം രൂപ മുടക്കി കാരുണ്യഭവന്‍ പണികഴിപ്പിച്ച്‌ അവിടെ ഭക്ഷണപാചകവും, സമൂഹ നന്മയ്‌ക്കുവേണ്ടിയുള്ള ക്ലാസ്സുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നുണ്ട്‌. ജീവകാരുണ്യപ്രസ്ഥാനമായ മരിയാസദനത്തില്‍ സംരക്ഷിക്കുന്ന അനാഥരായ കുട്ടികള്‍ക്കുവേണ്ടി ലിസ്യു സദന്‍ ആരംഭിക്കുകയും അവരുടെ പഠനത്തിനും പരിചരണത്തിനും വേണ്ട കാതലായ ധനസഹായം ചെയ്‌തുകൊണ്ടുമിരിക്കുന്നു. രോഗബാധ ഉണ്ടെങ്കിലും 70-ാം വയസ്സിലും ജീവകാരുണ്യ രംഗത്തും സാമൂഹ്യപ്രശ്‌നങ്ങളിലും പൗരാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പയപ്പാര്‍ അന്ത്യാളം മൈലാട്ടൂര്‍ മേരിക്കുട്ടിയാണ്‌ ഭാര്യ. നാലു മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.