ഡാലസ് ∙ സൗത്ത് ഏഷ്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസ സമൂഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഡസനിലധികം ചിത്രങ്ങൾ ഫെബ്രുവരി 19 മുതൽ 21 വരെ ഡാലസിൽ പ്രദർശിപ്പിക്കും. ഡാലസ് – ഡൗൺടൗൺ, പ്ലാനെ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തപ്പെടുന്ന ഫിലിം പ്രദർശനത്തിന്റെ ഉദ്ഘാടനം ‘മിസ് ഇന്ത്യ അമേരിക്ക ’ എന്ന ചിത്ര പ്രദർശനത്തോടെയാണ് ആരംഭിക്കുക. 46-ാമത് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ അവാർഡിനർഹമായ ചിത്രങ്ങളും പ്രദർശനങ്ങളിൽ ഉൾകൊളളിച്ചിട്ടുണ്ട്. പ്ലാനോയിലുളള ഏഞ്ചലിക്ക ഫിലിം സെന്ററിലാണ് കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു. ഡാലസ് ഫോർട്ട് വർത്ത് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യയിൽ നിന്നും ഫിലിം സ്റ്റാറുകൾ പ്രദർശന വേദിയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തി ചേരും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും സംഘാടകർ അറിയിച്ചു.
Comments