ജോ ജോയ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സി.എം.ഐ സഭയുടെ ആസ്ഥാനത്ത് വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ സമുചിതമായി കൊണ്ടാടി. ബ്രൂക്ക്ലിന്‍ രൂപതയുടെ സഹായ മെത്രാന് ബിഷപ്പ് റൈമെന്റ് ചപ്പാറ്റോയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ രൂപതകളില്‍ അജപാലന ശുശ്രൂഷകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന മലയാളി വൈദീകര്‍ സഹകാര്‍മികരായിരുന്നു. വി. ചാവറ പിതാവ് ഭാരതത്തിലെ ഏകദ്ദേശീയ സന്യാസ സമൂഹത്തിന്റെ സ്ഥാപകനും, ആരാധനാ പരിഷ്കര്‍ത്താവും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യപരിഷ്കര്‍ത്താവുമാണ്. 2014 നവംബര്‍ 23-ന് റോമില്‍ വച്ച് ചാവറ പിതാവിനെ പോപ്പ് ഫ്രാന്‍സീസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തി. ഇന്ന് സി.എം.ഐ സഭയില്‍ രണ്ടായിരത്തോളം വൈദീകര്‍ മുപ്പത്തിരണ്ടോളം രാജ്യങ്ങളിലായി സേവനം ചെയ്യുന്നു. അമേരിക്കയില്‍ 120 വൈദീകര്‍ അമ്പത് രൂപതകളിലായി അജപാലന ശുശ്രൂഷ ചെയ്തുവരുന്നു. ബ്രൂക്ക്ലിന്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ്, മലയാളം, സ്പാനീഷ് ഭാഷകളില്‍ ഗാനങ്ങളും, മറ്റ് കലാപരിപാടികളും ഒരുക്കിയിരുന്നു. അമേരിക്കയിലെ സി.എം.ഐ സഭയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റവ.ഫാ. ഡേവി കാവുങ്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments