ഡാളസ്: ക്രിസ്മസ് ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് അപ്രതീക്ഷിതമായി ശനിയാഴ്ച ഡാളസ് കൗണ്ടിയിലെ വിവിധ സിറ്റികളില്‍ ആഞ്ഞുവീഴിയ ചുഴലിക്കാറ്റില്‍ പതിനൊന്നു പേര് മരിക്കുകയും, നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോകുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു. ഡിസംബര്‍ 26-ന് ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് 130 മൈല്‍ വേഗതയില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. റോഡിലൂടെ സഞ്ചരിച്ചിരുന്ന നിരവധി കാറുകള്‍ ചുഴലിക്കാറ്റ് വായുവിലേക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് താഴെവീണതിനെ തുടര്‍ന്നാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇതുവരെ 11 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൂടുതല്‍ പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സണ്ണിവെയ്ല്‍, ഗാര്‍ലന്റ്, റൗലറ്റ് തുടങ്ങിയ സിറ്റികളില്‍ താമസിക്കുന്ന ഇരുപതില്‍പ്പരം മലയാളികളുടെ വീടുകളുടെ മേല്‍ക്കൂര പറന്നുപോകുകയും, ഭാഗികമായി തകരുകയും ചെയ്തു. മലയാളികളില്‍ ഒരാള്‍ക്ക് ചെറിയ പരിക്കേറ്റതൊഴിച്ചാല്‍ എല്ലാവരും സുരക്ഷിതരാണ്. മേല്‍ക്കൂര നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന മലയാളികള്‍ക്ക് പല കുടുംബങ്ങളും അഭയം നല്‍കിയിട്ടുണ്ട്. സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍ സജി ജോര്‍ജ്, ഫിലിപ്പ് സാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഡാളസില്‍ തകര്‍ത്തുപെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടുണ്ട്. പോലീസ് പ്രദേശത്ത് റോന്തുചുറ്റുന്നു.
Comments