- സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം (ലൂക്ക 2,14) രണ്ടായിരത്തി പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ...നന്മയുടേയും, സ്നേഹത്തിന്റേയും, സമാധാനത്തിന്റേയും ആ മഹാ സദ്വാര്ത്ത ലോകത്തിനു നല്കിയ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച്, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സ്വന്തമായൊരു ദേവാലം എന്ന സ്വപ്ന സാക്ഷത്ക്കാരത്തിനു ശേഷം ആദ്യമായി നടക്കുന്ന ക്രിസ്മസ് ആഘോഷം എന്ന നിലയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഇടവക സമൂഹത്തിനു ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. അഞ്ഞൂറില്പരം വിശ്വാസികള്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ 6.30നുള്ള കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ന്യൂ ജെഴ്സി പോട്ട ഡിവൈന്‍ പ്രയെര്‍ സെന്റര്‍ അസി. ഡയറക്ടര്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ മുഖ്യകാര്‍മികനായിരുന്നു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി. ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴു തിരികളും കൈയ്യിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു. തുടര്‍ന്ന് ദിവ്യബലി മധ്യേ ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ തിരുപ്പിറവിയുടെ സന്ദേശം നല്കി. വി. മത്തായിയുടെ സുവിശേഷം (25: 3540) വചന ഭാഗം ഉദ്ദരിച്ചു സംസാരിച്ചു. ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി , ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന് ഭൂമിയില്‍ അവതരിച്ച ഈ ദിനം നമ്മുടെ ഹൃദയങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ഒരു സദ് വാര്‍ത്തയായി പകര്‍ന്നു നല്‍കണമെന്നു ഒര്മിപ്പിച്ചു. വിശക്കുന്നവരെ ഊട്ടുമ്പോഴും,രോഗികളെ സാന്ത്വന വാക്കാല്‍ ആശ്വസിപ്പിക്കുംമ്പോഴും മുതല്‍ എല്ല നന്മ പ്രവര്‍ത്തനങ്ങളിലും ഈ സദ് വാര്‍ത്തയാണ് നമ്മളിലൂടെ സധ്യമാകുന്നത് എന്നുകൂടി പങ്കുവച്ചു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരമായി ദേവാലയത്തില്‍ തീര്‍ത്ത പുല്ക്കൂടിന് യുവജനങ്ങള്‍ നേതൃത്വം നല്കി. ജെയിംസ് പുതുമനയുടെ നേതൃത്വത്തില്‍ ദേവാലയത്തിന് പുറത്തായി മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ് ട്രീയും ഉയര്‍ന്നു. പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പുതിയ ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ (ജേര്‍ണി ഇന്‍ ഫെയിത്ത്) പ്രകാശനകര്‍മ്മം ഇടവക വികാരി ഫാ.തോമസ് കടുകപ്പിള്ളില്‍ നിര്‍വഹിച്ചു. റോയ് മാത്യുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സോവനീറിന്റെ പ്രകാശന ചടങ്ങില്‍ കമ്മറ്റി അംഗങ്ങളും സന്നഹീതരായിരുന്നു. ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന് പടവില്‍, മിനേഷ് ജോസഫ്, മേരിദാസന്‍ തോമസ് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്ക്കും ഇടവക വികാരി തോമസ് കടുകപ്പള്ളി നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പിറവി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. വെബ് : www. Stthomassyronj.org
Comments