ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ 20 ഞായറാഴ്ച വെസ്റ്റേണ്‍ അവന്യുവിലെ മക്കോവന്വില് യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ വെച്ചായിരുന്നു ആഘോഷം. ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ട് 'ആട്ടിടയര്‍ രാത്രികാലെ' എന്നു തുടങ്ങുന്ന ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനം ആലപിച്ചുകൊണ്ട് യു.സി.സി. ക്വയര്‍ അംഗങ്ങളും കുട്ടികളും കത്തിച്ച മെഴുകുതിരികളും കൈയ്യിലേന്തി വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചാര്‍ലി യംഗ് (പാസ്റ്റര്‍, മക്കോവന്വില് യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ച്, ആല്‍ബനി), റവ. ഫാ. സുജിത് തോമസ് (സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, റവ. മാത്യു ബേബി (സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച്, റവ. തോമസ് മാത്യു, റവ. ജെയിംസ് ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു. റവ. മാത്യു ബേബി (സെന്റ് ജെയിംസ് മാര്‍ത്തോമ ചര്‍ച്ച്, ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥന നടത്തി. യു.സി.സി. സെക്രട്ടറി ദീപു വറുഗീസ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥി റവ. ഡോ. ഡെസ്മണ്ട് ഫ്രാന്‍സിസ് (റെക്ടര്‍, ട്രിനിറ്റി ചര്‍ച്ച്) ക്രിസ്മസ് സന്ദേശം നല്കി. യു.സി.സി. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'ദ ട്രൂ മീനിംഗ് ഓഫ് ക്രിസ്മസ്' എന്ന സ്കിറ്റ്, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും അവതരിപ്പിച്ച 'ക്രിസ്മസ് ഓഫറിംഗ്' എന്ന ഇംഗ്ലീഷ് ഗാനം എന്നിവ ഏറെ മനോഹരമായിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച്, സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ഗായകസംഘങ്ങള്‍ ആലപിച്ച ക്രിസ്മസ് ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡാനിയേല്‍ ദീപു, അലയ്നാ എബ്രഹാം എന്നീ കുട്ടികള്‍ ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി. റവ. തോമസ് മാത്യുവിന്റെ ആശീര്‍വാദത്തോടുകൂടി പരിപാടികള്‍ സമാപിച്ചു. വിവിധ സഭാ വിഭാഗക്കാരുടെ ആത്മാര്‍ത്ഥ സഹകരണം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ജോര്‍ജ് പി. ഡേവിഡ്, തോമസ് ജോസഫ് എന്നിവരായിരുന്നു കോഓര്‍ഡിനേറ്റര്‍മാര്‍. ഷീന കോട്ടയ്ക്കല്‍, ജെറെമി ഡേവിഡ് എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് പി. ഡേവിഡ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
Comments