ന്യൂയോര്‍ക്ക്: കാലം ചെയ്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ വിയോഗം പരിശുദ്ധ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, അടിയുറച്ച വിശ്വാസവും നിസ്തുല സേവനവും കൈമുതലായ സുധീരനായ കര്‍മ്മയോഗിയായിരുന്നു ആബൂന്‍ എന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അനുശോചന സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് അയച്ചു നല്കിയ സന്ദേശത്തില്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ സേവനങ്ങളേയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളേയും ബാവ പ്രകീര്‍ത്തിച്ചു. മലബാര്‍ ഭദ്രാസനത്തിന്റെ ചരിത്രം മോര് യൂഹാനോന്‍ പീലക്സിനോസ് മെത്രാപ്പോലീത്തയോട് ഏറെ ബന്ധപ്പെട്ടതാണ്. നാശോന്മുഖമായിരുന്ന മലബാറിന്റെ സമസ്ത പുരോഗതിയ്ക്കായി എല്ലാം ഉപേക്ഷിച്ച് കര്മ്മമണ്ഡലത്തിലിറങ്ങിയ അദ്ദേഹത്തെ ഭദ്രാസനത്തിനും സഭയ്ക്കും ഒരിക്കലും മറക്കാന്‍ പറ്റില്ല. കക്ഷിവഴക്കുകള്‍ക്ക് പരിഹാരം കാണുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസുലഭ നേട്ടമായി. വടക്കേ അമേരിക്കയിലെ പ്രഥമ മലയാളി പുരോഹിതന് എന്ന നിലയില്‍ നടത്തിയ യത്നങ്ങള്‍ വിസ്മരിക്കാനാവുന്നതല്ല. വിദ്യാഭ്യാസവും കാരുണ്യപ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി അദ്ദേഹം തുടക്കമിട്ട സ്ഥാപനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ബാവ സന്ദേശത്തില്‍ തുടര്‍ന്നു. കബറടക്ക ശുശ്രൂഷയില്‍ ബാവയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് നഥാനിയേല്‍ മോര് ബര്‍ത്തലോമിയോ പങ്കെടുക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസുകൊണ്ട് സഭയില്‍ അഞ്ച് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കബറടക്ക ശുശ്രൂഷ നടക്കുന്ന ജനുവരി ഒന്നിന് സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മതലബാറിന്റെ സമഗ്ര വികസനത്തിനും സഭയുടെ പൊതുവായ വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്കിയ മെത്രാപ്പോലീത്തയുടെ വിയോഗം ഏരെ ദുഖകരമാണെന്ന് ശ്രേഷ്ഠ ബാവ പാമ്പാടിയില്‍ പ്രസ്താവിച്ചു. കാലംചെയ്ത മെത്രാപ്പോലീത്തയുടെ ഭൗതീകദേഹം പൊതുദര്‍ശനത്തിനായി വെച്ചിരിക്കുന്ന സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ പ്രത്യേക ധൂപപ്രാര്‍ത്ഥന നടത്തിയശേഷം സംസാരിക്കുകയായിരുന്നു ബാവ. മോര് പീലക്സിനോസ് തിരുമേനിയുടെ വിയോഗത്തില്‍ അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത അഗാധമായ ദുഖം രേഖപ്പെടുത്തി. പുണ്യശ്ശോകനായ യേശു മോര് അത്തനാസിയോസ് തിരുമനസ്സിന്റെ നിര്‍ദേശപ്രകാരം 70- 80 കാലയളവില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടവകകള്‍ സ്ഥാപിക്കാന്‍ അക്ഷീണം പ്രയത്നം ചെയ്ത തിരുമേനിയുടെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. ന്യൂജേഴ്സിയിലെ പൊമോണയിലെ സെന്റ് എഫ്രയിം കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷയും നടന്നു. ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, റവ.ഫാ. ബിജോ മാത്യു, റവ.ഫാ. വര്‍ഗീസ് പോള്‍ തുടങ്ങിയ വൈദീകശ്രേഷ്ഠര്‍ പങ്കെടുത്തു. മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും, സമ്മേളനവും ജനുവരി മൂന്നാം തീയതി ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ നടക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി പത്രക്കുറുപ്പിലൂടെ അറിയിച്ചു. സ്റ്റാറ്റന്‍ഐലന്റിലെ രണ്ടു ദേവാലയങ്ങള്‍ ഒന്നിച്ച് ഒരു ദേവാലയമായി വിശുദ്ധ ആരാധന സമാരംഭിക്കുന്ന മൂന്നാം തീയതി ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് തിരുമനസ്സുകൊണ്ട് മോര് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈദീകനായി അമേരിക്കയില്‍ എത്തിയ നാള് മുതല്‍ ഏറെക്കാലം തന്റെ കര്‍മ്മഭൂമിയായിരുന്ന സ്റ്റാറ്റന്‍ഐലന്റ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന മോര് പീലക്സിനോസ് അനുസ്മരണ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. വൈദീകശ്രേഷ്ഠര്‍, ഭദ്രാസന ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, അത്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കമിടുകയും ഒട്ടനവധി ദേവാലയങ്ങള്‍ രൂപീകരിക്കുകയും ചെയ്ത പുണ്യ പിതാവിന്റെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഏവരേയും അനുസ്മരണ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി വ്യക്തമാക്കി. ബിജു ചെറിയാന് അറിയിച്ചതാണിത്.
Comments